ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നടന്ന നവ കേരള സദസ്സിൽ ഗവർണറെയും സംഘ്പരിവാറിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷങ്ങളുണ്ടാക്കുന്നത് ഹോബിയാക്കിയയാളാണ് നമ്മുടെ ഗവർണറെന്ന് അദ്ദേഹം പറഞ്ഞു.
സർവകലാശാല ചാൻസലർ സ്ഥാനം സംഘ്പരിവാർ കൊടുത്തതല്ലെന്ന സത്യം ആദ്യം ഗവർണർ മനസ്സിലാക്കണം. സംസ്ഥാന നിയമസഭയാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് അവരോധിച്ചത്. ഇങ്ങനെയുള്ള അവിവേകികളായ വ്യക്തികളെ കേരളം നേരത്തേയും കണ്ടിട്ടുണ്ട്. അവർക്ക് ഇത്തരം നടപടികളുമായി എക്കാലവും മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് കേരള ചരിത്രം എടുത്തുനോക്കിയാൽ മനസ്സിലാകും.
ഇത്തരം പ്രകോപനങ്ങൾ നിർത്താനുള്ള ഇടപെടൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതിനെയെല്ലാം പ്രതിരോധിക്കാൻ തക്കവണ്ണം ശക്തമാണ് കേരളമെന്ന് ഓരോ നവകേരള സദസ്സിലും ഒഴുകിയെത്തുന്ന ജനസഹസ്രങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് കേരളത്തിന്റെ ന്യായമായ ഒത്തുചേരൽ മാത്രമാണ്. നമ്മുടെ നാടിന് പിറകോട്ട് പോകാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കലാണ് നവകേരള സദസ്സുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അയ്യങ്കാവ് മൈതാനിയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിനിർത്തി പിണറായി വിജയൻ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.