കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയെ മോഷണം ആരോപിച്ച് സ്കൂൾ കാന്റീൻ ജീവനക്കാരൻ ആക്രമിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ല പൊലീസ് മേധാവി (റൂറൽ) 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
സെപ്റ്റംബർ 26നായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്കൂൾ കാന്റീനിൽനിന്ന് മിഠായി വാങ്ങി വരുമ്പോഴാണ് കാന്റീൻ ജീവനക്കാരൻ സജി ആക്രമിച്ചതെന്ന് വിദ്യാർഥി പരാതിയിൽ പറയുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കേസെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമല്ലെന്നും പരാതിയിൽ പറയുന്നു. കേസ് നവംബർ 29ന് കോഴിക്കോട് സിറ്റിങ്ങിൽ മനുഷ്യാവകാശ കമീഷൻ പരിഗണിക്കും.
പിതാവിന്റെ മരണശേഷം രണ്ടാനമ്മയെ വീട്ടിൽനിന്ന് പുറത്താക്കിയ മക്കളുടെ നടപടിക്കെതിരെയും കമീഷൻ കേസെടുത്തു. മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ചന്ദ്രന്റെ രണ്ടാം ഭാര്യ വളയനാട് സ്വദേശിനി ശോഭന സമർപ്പിച്ച പരാതിയിലാണ് നടപടി. മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.