തിരുവല്ല: വ്യവസായിയെ ഗോഡൗണിൽ ബന്ദിയാക്കിയ ശേഷം വടിവാൾ കഴുത്തിൽ വെച്ച് മൂന്നു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നംഗ സംഘം പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരെ വ്യാജ തോക്കും മാരകായുധങ്ങളുമായി തിരുവല്ല പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇടിഞ്ഞില്ലം മാങ്കുളത്തിൽ വീട്ടിൽ ഷിജു വർഗീസ് (23 ), ഇടിഞ്ഞില്ലം കഴുപ്പിൽ കോളനിയിൽ രാഹുൽ കൊച്ചുമോൻ (23), ഇടിഞ്ഞില്ലം വാഴയിൽ വീട്ടിൽ ബാസ്റ്റിൻ മാത്യു ( 20 ) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പെരുംതുരുത്തിയിൽ കടപ്പാക്കൽ ബിസിനസ് നടത്തുന്ന പെരുംതുരുത്തി കൊച്ചേട്ട് താഴ്ചയിൽ വീട്ടിൽ ഷൈജുവിനെ തിരുവല്ല വേങ്ങലിലെ ഗോഡൗണിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. ഗോഡൗണിലെ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ തിരുവല്ല പൊലീസ്, ഗോഡൗൺ വളഞ്ഞ ശേഷം പ്രതികളെ പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും വ്യാജ തോക്കടകം കണ്ടെടുത്തത്. കേസിലെ ഒന്നാംപ്രതി ഷിജു വർഗീസിനെതിരെ മൂന്ന് വധശ്രമ കേസടക്കം വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളുണ്ട്. രാഹുലിനും ബാസ്റ്റിനും എതിരെ അഞ്ചു വീതം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികൾ മൂവരും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾക്ക് അടിമകളും വില്പനക്കാരുമാണെന്ന് എസ്.ഐ പി.ബി. നഹാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.