പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരനെ കാണാൻ തോപ്പുംപടി ഹാർബർ പാലത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒന്നര മണിക്കൂറോളം പാലത്തിലെ വാഹന ഗതാഗതം തടസപ്പെട്ടു. ഫോർട്ട്കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസ് കോളജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരനെ കാണണം എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ ഭീഷണി.
കമാലിന്റെ സഹോദരൻ മാലിക് മഹാരാജാസിലെ വിദ്യാർഥിയാണ്. മാലികും മറ്റൊരു യുവാവുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. യുവാവ് പാലത്തിന് മുകളിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയാണ് ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കിയത്.
കഴിഞ്ഞ ദിവസം കളമശേരിയിൽ എസ്.എഫ്.ഐ – കെ.എസ്‍.യു വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റു മുട്ടലിൽ നിവരധി പേർക്കു പരുക്കേറ്റിരുന്നു. 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കോളജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയുമാണ്. കോളജിലെ വിദ്യാർഥി അല്ലാത്തയാളാണു മഹാരാജാസ് സംഭവത്തിൽ പൊലീസ് പിടിയിലായ ഒരാൾ എന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.