കോഴിക്കോട്: വഖഫ് ബോർഡ് നിയമനം സംബന്ധിച്ച വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ഒരു സമൂഹത്തിന്‍റെ അവകാശത്തെ എന്തിനാണ് ഇങ്ങനെ ഹനിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. സമുദായത്തിന്‍റെ അവകാശം ഒന്നിച്ചു നിന്ന് പറയുമ്പോൾ അതിനെ വർഗീയവും രാഷ്ട്രീയവുമാക്കാനുള്ള ശ്രമങ്ങളാണ് ചിലയിടങ്ങളിൽ നടക്കുന്നത്. ചെറിയ അംഗസംഖ്യയുള്ള വഖഫ് ബോർഡിൽ പി.എസ്.സി നിയമനം കൊണ്ടു വരണമെന്ന് പറയുമ്പോൾ അതിന്‍റെ പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡിൽ സ്വജനപക്ഷപാതം കാണിച്ചു എന്നാണ് പറയുന്നതെങ്കിൽ അത് പരിശോധിക്കാൻ സർക്കാറിന് അവകാശമുണ്ട്. 1990 മുതൽ 30 വർഷം 36 വിരമിക്കൽ മാത്രമാണ് വഖഫ് ബോർഡിൽ ഉണ്ടായത്. ഈ കാലയളവിൽ ആകെ നിയമനം 28 തസ്തികകളിൽ മാത്രമാണ് നടന്നത്. ഇത്രയും ചെറിയ അംഗസംഖ്യയുള്ള ബോർഡിൽ പി.എസ്.സി നിയമനം കൊണ്ടു വരണമെന്ന് പറയുമ്പോൾ അതിന്‍റെ പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. ഒരു സമൂഹത്തിന്‍റെ അവകാശത്തെ എന്തിനാണ് ഇങ്ങനെ ഹനിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.വഖഫ് ബോർഡിനെ പുരോഗതിപ്പെടുത്താനാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇത് വഖഫ് ബോർഡിനെ മാത്രം ബാധിക്കുന്ന ചെറിയ വിഷയമല്ല. ഇതിന്‍റെ ആഘാതം സംവരണത്തിലുണ്ടാകും.
സമുദായത്തിലെ ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയെ ബാധിക്കും. സമുദായത്തിന്‍റെ അവകാശം ഒന്നിച്ചു നിന്ന് പറയുമ്പോൾ അതിനെ വർഗീയവും രാഷ്ട്രീയവുമാക്കാനുള്ള ശ്രമങ്ങളാണ് ചിലയിടങ്ങളിൽ നിന്നും നടക്കുന്നത്. കേരളത്തിൽ ഒരു മതസംഘടന പോലും വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.ഇന്ത്യയിൽ ആദ്യമായി മുന്നാക്ക സംഭവരണം നടപ്പാക്കിയത് കേരളത്തിലാണ്. അതിന്‍റെ നഷ്ടം സമുദായം ഇപ്പോഴും അനുഭവിക്കുകയാണ്. ഇത് അവകാശത്തിന്‍റെ പ്രശ്നമാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നത് തിരിച്ചറിയണമെന്നും മുസ് ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.