ഈരാറ്റുപേട്ട: മക്കള്‍ നിരപരാധികളാണെന്നും ഇന്ദോര്‍ സി.ബി.ഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയുടെയും ശാദുലിയുടെയും പിതാവ് അബ്ദുല്‍ കരീം മാസ്റ്റര്‍. മക്കള്‍ രാജ്യദ്രോഹ കുറ്റം ചെയ്തിട്ടില്ല. തെറ്റായ ആരോപണങ്ങളാണ് അവര്‍ക്ക് മേല്‍ ചുമത്തപ്പെട്ടതെന്നും റിട്ട. അധ്യാപകനായ പീടികേക്കല്‍ അബ്ദുല്‍ കരീം മാസ്റ്റര്‍ പറഞ്ഞു.
നേരത്തേ സിമി പ്രവര്‍ത്തകരായിരുന്നു ശിബിലിയും ശാദുലിയും. സംഘടനയെ നിരോധിച്ചതോടെ അതില്‍നിന്ന് മാറി. സിമിയുമായി ഇപ്പോള്‍ മക്കള്‍ക്ക് ഒരുബന്ധവും ഇല്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കും. മൂത്ത മകനായ ശിബിലി ജോലി ചെയ്തിരുന്ന ഇന്ദോറില്‍ കാണാന്‍ പോയി എന്നതാണ് ശാദുലി ചെയ്ത തെറ്റ്. നേരത്തേ കേസില്‍ ഉള്‍പ്പെട്ട 30പേരില്‍ ആറുപേരെ മാത്രം വിചാരണ ചെയ്ത് മൂന്ന് പേരെ വെറുതെ വിടുകയും മറ്റുള്ളവര്‍ക്ക് ചെറിയ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഒരേ കേസില്‍ പിടിക്കപ്പെട്ടവരില്‍ ആറുപേരെ മാത്രം വിചാരണ നടത്തി ദീര്‍ഘകാലം തടവില്‍ പാര്‍പ്പിച്ചതില്‍ ദുരൂഹതയുണ്ട്. 2008 മാര്‍ച്ചിലായിരുന്നു അറസ്റ്റ്. കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ശിബിലിക്ക് ബംഗലൂരുവില്‍ ഉണ്ടായ ജോലിയും നഷ്ടപ്പെട്ടു.
‘2006ല്‍ സബര്‍മതി എക്സ്പ്രസ് സ്ഫോടനക്കേസില്‍ ശാദുലിയെ പ്രതിയാക്കിയിരുന്നു. എന്നാല്‍, ഹേമന്ത് കര്‍ക്കരയുടെ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരല്ളെന്ന് കണ്ട് കേസില്‍നിന്ന് ഒഴിവാക്കി. അതിനു ശേഷമാണ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്. സബര്‍മതി കേസ് ഉണ്ടാകുമ്പോള്‍ ശിബിലി മുംബൈയില്‍ എന്‍ജിനീയറായിരുന്നു. ശിബിലിയെ കേസില്‍ കുടുക്കിയതും ഹേമന്ത് കര്‍ക്കരെയുടെ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെ വീണ്ടും രാജ്യദ്രോഹക്കുറ്റം ചുമത്തിയതിലും ദുരൂഹതയുണ്ട്. മക്കളുടെ കാര്യത്തില്‍ ദൈവവിധി നടക്കട്ടെ, എങ്കിലും നിരപരാധികള്‍ ഇനിയും ക്രൂശിക്കപ്പെടാതിരിക്കാന്‍ കേസുമായി മുന്നോട്ടു പോകും’- അദ്ദേഹം പറഞ്ഞു.
മകളുടെ ഭര്‍ത്താവ് റാസിഖിനെയും ശാദുലിയെയും നേരത്തേ പാനായിക്കുളം ഗൂഢാലോചനക്കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. റാസിഖും ഷാദുലിയും അടക്കം അഞ്ചുപേരെ 14 വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. പാനായിക്കുളം കേസില്‍ ജാമ്യം നേടി വീട്ടിലുള്ളപ്പോഴാണ് ശിബിലിയെ കാണാനുള്ള ആഗ്രഹവുമായി ശാദുലി ഇന്ദോറിലേക്ക് പോകുന്നത്. വാഗമണ്‍ ആയുധ പരിശീലന കേസില്‍ ശാദുലിയും ഗുജറാത്തിലെ ബോംബ് സ്ഫോടനക്കേസില്‍ ശിബിലിയും ശാദുലിയും വിചാരണ നേരിടാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.