ഗ്രന്ഥകാരനും പണ്ഡിതനുമായ കെ. അബ്​ദുല്ല ഹസൻ അന്തരിച്ചു

കോഴിക്കോട്​: ഗ്രന്ഥകാരനും പണ്ഡിതനും ജമാഅത്തെ ഇസ്​ലാമി നേതാവുമായിരുന്ന കെ. അബ്​ദുല്ല ഹസൻ നിര്യാതനായി. 78 വയസായിരുന്നു. കോഴിക്കോട്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ്​ മരണം. ഖബറടക്കം ബുധനാഴ്​ച രാത്രി 8.30ന് മഞ്ചേരി സെൻട്രൽ ജുമുഅത്ത്​ പള്ളി ഖബർസ്​ഥാനിൽ നടക്കും.

1943ൽ മഞ്ചേരിയിൽ ജനിച്ച അബ്​ദുല്ല ഹസൻ മഞ്ചേരി ഗവ. സെക്കൻഡറി സ്​കൂൾ, തിരൂരങ്ങാടി ഗവ. സെക്കൻഡറി സ്​കൂൾ, കുറ്റ്യാടി ഇസ്​ലാമിയ്യ കോളജ്​, ശാന്തപുരം ഇസ്​ലാമിയ്യ കോളജ്​ എന്നിവിടങ്ങളിലെ പഠനത്തിന്​ ശേഷം ഖത്തറിൽ ഉപരിപഠനം നടത്തി. 

1968 ൽ ജമാഅത്തെ ഇസ്​ലാമി അംഗമായി. പ്രബോധനം മാസികയുടെ ചുമതല വഹിച്ചതോടൊപ്പം ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാംഗമായും കേരള കൂടിയാലോചനാ സമിതിയംഗമായും പ്രവർത്തിച്ചു.

ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സ്ഥാപകാംഗമാണ്. മൂന്ന് തവണ അതിന്‍റെ പ്രസിഡന്‍റായിട്ടുണ്ട്. 

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാമിക ദർശനം എന്ന ഗ്രന്ഥത്തിന്‍റെ അസിസ്റ്റന്റ് എഡിറ്റർ, ശാന്തപുരം ദഅവാ കോളേജ് പ്രിൻസിപ്പൽ, റിസർച്ച് സെന്‍റർ ഡയറക്ടർ,  ഐ.പി.എച്ച്. ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇസ്ലാമിക വിജ്ഞാനകോശം നിർമാണ സമിതി, ശാന്തപുരം അൽജാമിഅ അലുംനി അസോസിയേഷൻ നിർവാഹക സമിതി, ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി എന്നിവയിൽ അംഗമാണ്.

ഇബാദത്ത് ഒരു ലഘുപരിചയം, റമദാൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും, സച്ചരിതരായ ഖലീഫമാർ (രണ്ട് ഭാഗം), സകാത്ത് തത്ത്വവും പ്രയോഗവും, ബഹുസ്വര സമൂഹത്തിലെ മുസ്ലിംകൾ, മുസ്ലിം സ്ത്രീ പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും, മുത്തുമാല (രണ്ടുഭാഗം), കർമശാസ്ത്രത്തിന്‍റെ കവാടം എന്നിവയാണ് പ്രധാന കൃതികൾ. ഇസ്ലാമിക വിജ്ഞാനകോശത്തിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. 

അഹ്​മദ്​ കൊടക്കാടനും തലാപ്പിൽ ഫാത്വിമയുമാണ്​ അബ്​ദുല്ല ഹസന്‍റെ മാതാപിതാക്കൾ. ഭാര്യ: എ. സാബിറ. മക്കൾ:  ഫൈസൽ മഞ്ചേരി (കെ.ഐ.ജി കുവൈത്ത്​, പ്രസിഡന്‍റ്​), അബ്ദുസ്സലാം, അൻവർ സഈദ് (വെൽഫെയർ കേരള കുവൈത്ത്​-പ്രസിഡന്‍റ്​), അലി മൻസൂർ, ഹസീന, ഡോ. അനീസ് റഹ്മാൻ, ആബിദ് റഹ്മാൻ, അൽത്വാഫ് ഹുസൈൻ. 

മരുമക്കൾ: ആയിഷ സമിയ്യ, സാജിദ, വർദ, ജസീല, അബ്ദുൽ വഹാബ് (ട്രീജി), അനു ശഹ്​ന, മുഫീദ, ഫർഹ.


 

Tags:    
News Summary - abdulla hassan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.