സജീവനറിഞ്ഞില്ല അത് അബിഗേലാണെന്ന്

കൊല്ലം: ആശ്രാമം ലിങ്ക് റോഡിൽ പൊരിവെയിലിൽ നിന്ന ‘അമ്മയെയും കുഞ്ഞിനെയും’ അവർ ആവശ്യപ്പെട്ടപ്രകാരമാണ് ഓട്ടോ ഡ്രൈവറായ അഞ്ചാലുംമൂട് കാഞ്ഞിരംകുഴി സ്വദേശി സജീവൻ മൈതാനത്തിന് സമീപം ഇറക്കിവിട്ടത്. ആ സ്ത്രീക്കൊപ്പം ഉണ്ടായിരുന്നത് കേരളം മുഴുവൻ തിരയുന്ന അബിഗേലാണെന്ന് സജീവൻ തിരിച്ചറിഞ്ഞത് പിന്നെയും അരമണിക്കൂർ കഴിഞ്ഞ്.

‘ഉച്ചക്ക് ഒന്നരയോടെ ലിങ്ക് റോഡിൽ പുതിയ ഓപൺ എയർ ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് അമ്മയും കുഞ്ഞും കൈ കാണിച്ചത്. നല്ല വെയിലായിരുന്നു. വെയിൽ കൊള്ളാതിരിക്കാൻ സ്ത്രീയുടെ തലയിൽ കിടന്ന ഷാളിന്‍റെ അറ്റംകൊണ്ട് കുഞ്ഞിന്റെ തലയും മറച്ചിരുന്നു. എവിടെ പോകണമെന്ന ചോദ്യത്തിന് ആശ്രാമത്തേക്ക് എന്നായിരുന്നു മറുപടി. ആശ്രാമത്ത് അശ്വതി ബാറിന് സമീപം കമ്പിവേലിയുള്ളിടത്താണ് ആദ്യം ഇറക്കാൻ പറഞ്ഞത്. അവിടെ ആളൊന്നുമില്ലായിരുന്നു. ഇവിടെ നിർത്തിയാൽ അകത്തോട്ട് കയറാൻ പറ്റുമോ എന്ന് താൻ ചോദിച്ചു. കമ്പിവേലിക്കിടയിലൂടെ കുനിഞ്ഞ് കയറിക്കൊള്ളാമെന്ന് സ്ത്രീ ആദ്യം പറഞ്ഞു. പിന്നീട് അശ്വതി ബാറിന് എതിര്‍വശത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിലേക്ക് കയറാവുന്ന വഴിയിൽ നിര്‍ത്താൻ പറഞ്ഞു. 200 രൂപ നൽകി. 40 രൂപ ഓട്ടോക്കൂലി കഴിച്ച് ബാക്കി കൊടുത്തു.

ഓട്ടോയിൽനിന്ന് ഇറങ്ങാൻ കുഞ്ഞ് പ്രയാസപ്പെട്ടു. ക്ഷീണമുണ്ടായിരുന്നു. പനി ആണെന്നാണ് കരുതിയത്. സ്ത്രീയുടെ മുഖം കണ്ടില്ല. അവർക്ക് 35 വയസ്സ് വരും. തലയിൽ വെള്ള ഷാളാണുണ്ടായിരുന്നത്. ഇളം മഞ്ഞ ടോപ്പായിരുന്നു വേഷം. കുഞ്ഞ് ഒന്നും സംസാരിച്ചില്ല. തിരികെ സ്റ്റാൻഡിൽ വന്ന് അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് മരുമകൻ വിളിച്ച് കുട്ടിയെ ആശ്രാമത്ത് കണ്ടെന്ന് ടി.വിയിൽ കാണുന്നതായി പറഞ്ഞത്. പിന്നാലെ കാര്യം മനസ്സിലായി. ഉടൻ പൊലീസിൽ അറിയിച്ചു - സജീവൻ പറഞ്ഞു.

പപ്പയെ വിളിച്ചു ഫോൺ നൽകി ആനന്ദ്

ആശ്രാമത്ത് ചുറ്റും കൂടിയവർക്കിടയിൽ പേടിച്ചിരുന്ന അബിഗേലിനോട് -മോൾ പേടിക്കണ്ട, പപ്പയെ വിളിക്കാ’മെന്ന് പറഞ്ഞ് ഫോൺ നൽകിയത് പാഴ്സൽ സര്‍വിസ് വാൻ ഡ്രൈവര്‍ പരവൂര്‍ നെടുങ്ങോലം സ്വദേശി ആനന്ദ്. തുടർന്ന് പിതാവിന്‍റെ ഫോണിലേക്ക് വിളിച്ച് വിവരം പറഞ്ഞു. ‘ആശ്രാമത്ത് ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് എസ്.എൻ കോളജിലെ പെൺകുട്ടികൾ കുട്ടി ഒറ്റക്ക് ഇരിക്കുന്നത് കണ്ട് സംശയം പറയുന്നത് കണ്ടത്. പിന്നെ ഞാൻ അങ്ങോട്ടുപോയി. കുട്ടി ക്ഷിണിതയായിരുന്നു. അവിടെയുള്ളരാൾ ബിസ്കറ്റും വെള്ളവും വാങ്ങി നൽകി. എനിക്കൊപ്പമുള്ള ഡെലിവറി ബോയ് ഷമീറാണ് വിവരം പൊലീസിനെ അറിയിച്ചത് -ആനന്ദ് പറഞ്ഞു.

വൈറൽ ദൃശ്യം പകര്‍ത്തിയത് ആശ്രാമം സ്വദേശി

അബിഗേൽ സാറയെ പൊലീസ് വാരിയെടുക്കുന്ന ആ ദൃശ്യം മലയാളികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ആ രംഗം പകർത്തിയത് മഹാത്മാ ഡ്രൈവിങ് സ്കൂൾ ഉടമ ആശ്രാമം സ്വദേശി ബിജുവാണ്. ‘ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന മൈതാനത്തിന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ഡ്രൈവിങ് പരിശീലകരായ അരുൺ മോഹൻ, ആരോമൽ മുരളി എന്നിവരാണ്‌ സാറയെ കണ്ടെത്തിയ വിവരം വിളിച്ചുപറഞ്ഞത്. ഉടൻ ഓടിയെത്തി. ഫോണിലുണ്ടായിരുന്ന ഫോട്ടോയുമായി ഒത്തുനോക്കിയാണ് കുഞ്ഞിനെ തിരിച്ചറിഞ്ഞത്. കുട്ടി അവശനിലയിലായിരുന്നു. പപ്പ, മമ്മി എന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പൊലീസ് സ്ഥലത്തെത്തി. അപ്പോഴാണ് വിഡിയോ പകർത്തിയത്. 

Tags:    
News Summary - Abhigal sara missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.