കൊച്ചി: ‘ഇതിനുവേണ്ടിയായിരുന്നോ അഭിമന്യു നീ എന്നെ പരിചയപ്പെട്ടത്’... പറഞ്ഞുതുടങ്ങിയപ്പോൾത്തന്നെ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ കെ.എൻ. കൃഷ്ണകുമാറിെൻറ കണ്ഠമിടറി. കാഴ്ചമറച്ച കണ്ണീരിലൂടെ മുന്നിലിരുന്നവരുടെ മുഖങ്ങളിലത്രയും അദ്ദേഹം അതേ സങ്കടത്തിെൻറ ഭാരം കണ്ടു. വേദിയിലും സദസ്സിലും ഒരുപോലെ അഭിമന്യുവിെൻറ ഒാർമകളുടെ വിങ്ങലും വേദനയും കെട്ടിനിന്നപ്പോൾ തുടർന്ന് ഒരക്ഷരംപോലും പറയാനാവാതെ അദ്ദേഹം തലകുനിച്ച് ഇരിപ്പിടത്തിലേക്ക് നടന്നു. ‘എനിക്കിനിയൊന്നും പറയാനാവില്ല’..ആ വാക്കുകൾ ഒരു വിതുമ്പലായിരുന്നു.
രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥി അഭിമന്യു കൊലക്കത്തിക്കിരയായ മഹാരാജാസ് കോളജിെൻറ കാമ്പസ് ബുധനാഴ്ച വീണ്ടും കണ്ണീരുണങ്ങാത്ത കാഴ്ചകളിലേക്കാണ് ഉണർന്നത്. സംഭവശേഷം രണ്ടുദിവസത്തെ അവധി കഴിഞ്ഞാണ് ബുധനാഴ്ച ക്ലാസുകൾ തുടങ്ങിയത്. പ്രിയശിഷ്യനെ, കാമ്പസിെൻറ ആവേശമായിരുന്ന സൃഹൃത്തിനെ അനുസ്മരിച്ച് അനുശോചന യോഗത്തോടെയായിരുന്നു തുടക്കം. നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും തിങ്ങിനിറഞ്ഞിട്ടും കോളജ് ഓഡിറ്റോറിയം മൂകമായിരുന്നു.
സംസാരത്തിനിടെ പലരുടെയും അടക്കിപ്പിടിച്ച തേങ്ങലുകൾ കണ്ണീരായി. ഒരുപാട് സമരാവേശങ്ങൾക്ക് കൊടിപിടിച്ച കാമ്പസ് ഒരിക്കലും ഇത്രമേൽ വേദനിച്ചുകണ്ടിട്ടില്ല. ക്ലാസ് മുറികളുടെ മൂലകളിലും വരാന്തകളിലും ഇരിപ്പിടങ്ങളിലുമൊന്നും കളിചിരികളില്ല. ആൾക്കൂട്ടത്തിൽനിന്ന് അടർത്തിമാറ്റിയ സുഹൃത്തിനെക്കുറിച്ച ഒാർമകളിൽ ഗുരുനാഥന്മാർക്കും സഹപാഠികൾക്കും വാക്കും വികാരങ്ങളും നഷ്ടമായിരുന്നു. അഭിമന്യു പഠിച്ച രണ്ടാംവർഷ കെമിസ്ട്രി ക്ലാസിൽ ഒരു വിദ്യാർഥിപോലും എത്തിയില്ല. ഡെസ്ക്കിൽ അവൻ വെച്ചുപോയ ചില നോട്ടുബുക്കുകൾമാത്രം അനാഥമായിക്കിടന്നു. ആ മെലിഞ്ഞ വിരലിലെ കൈയക്ഷരങ്ങളുടെ മഷി ഉണങ്ങാതെ...
അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി പ്രിൻസിപ്പൽ വീണ്ടും മൈക്കിന് മുന്നിലെത്തി. അഭിമന്യുവിെൻറ പിതാവിെൻറ വിലാപം ഹൃദയത്തെ ഇപ്പോഴും ഉലക്കുന്നു എന്ന് പറഞ്ഞാണ് തുടങ്ങിയത്. ‘നമ്മളും രക്ഷിതാക്കളാണല്ലോ. എങ്ങനെ സഹിക്കാനാകും. ഹോസ്റ്റലിലെ പ്രശ്നങ്ങൾ പറയാനാണ് അവൻ ആദ്യമായി എെൻറ അടുത്തെത്തിയത്. വിനയത്തോടെയുള്ള സംസാരം. പ്രതിഷേധത്തിെൻറ സ്വരമല്ല, പരിഹാരമായിരുന്നു അവന് വേണ്ടത്. ചിരിക്കുന്ന മുഖത്തോടെ നിൽക്കുന്ന അഭിമന്യുവിനെയല്ലാതെ തനിക്ക് ഓർക്കാനാകില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിെൻറ കണ്ണുകൾ വീണ്ടും നിറഞ്ഞു.
അഭിമന്യുവിെൻറ സത്യസന്ധതയും ആത്മാർഥതയും സേവന സന്നദ്ധതയും വിവരിക്കുേമ്പാൾ എൻ.എസ്.എസ് കോഓഡിനേറ്റർ ജൂലി ചന്ദ്ര ഇടക്കിടെ പൊട്ടിക്കരഞ്ഞു. അപ്പോഴും അവനെക്കുറിച്ച് എനിക്ക് ഇനിയും പറയണം എന്ന് അവർ വാശിപിടിച്ചു. അഭിമന്യുവിെൻറ അമ്മയുടെ കണ്ണുനീർ ഈ കലാലയത്തിെൻറ മണ്ണിൽനിന്ന് വറ്റില്ലെന്ന് ഗവേണിങ് കൗൺസിൽ അംഗം ഡോ. എസ്. ഷൈലജ ബീവി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ റീത്ത മാനുവൽ, പൂർവവിദ്യാർഥി പ്രതിനിധി സി.ഐ സി.സി. ജയചന്ദ്രൻ, േഹാസ്റ്റൽ വാർഡൻ എം.എസ്. സലൂജ, വിദ്യാർഥി പ്രതിനിധി വിദ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.