പത്തനംതിട്ട: പെരുനാട്ടിൽ തെരുവുനായുടെ കടിയേറ്റ് അഭിരാമി മരിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ച ഉണ്ടായെന്ന നിലപാടിൽ ഉറച്ച് കുടുംബം. പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും യഥാസമയം വേണ്ടത്ര പരിചരണം കിട്ടിയില്ലെന്ന് അമ്മ രജനി പറഞ്ഞു. ആഗസ്റ്റ് 14ന് രാവിലെ തെരുവുനായുടെ കടിയേറ്റ കുട്ടിയെ ആദ്യം എത്തിച്ചത് പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിലാണ്. രാവിലെ 8.30ന് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർമാരടക്കം ആരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് കുട്ടിയുമായി 9.15ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി. ജനറൽ ആശുപത്രിയിൽ 9.25ന് കുട്ടിക്ക് ഇമ്യൂണോ ഗ്ലോബുലിന്‍റെ ടെസ്റ്റ് ഡോസ് നൽകി. ഒരു മണിക്കൂറിനുശേഷം 10.25ന് മുറിവേറ്റ കണ്ണിനുതാഴെ ഇമ്യൂണോ ഗ്ലോബുലിൽ കുത്തിവെച്ചു. കുട്ടിയുടെ നില അതിഗുരുതരാവസ്ഥയിൽ ആയിട്ടും ഇമ്യൂണോ ഗ്ലോബുലിൻ നൽകാൻ വൈകിയെന്നാണ് അമ്മ പറയുന്നത്. മുറിവ് കഴുകാൻ സോപ്പ് വാങ്ങാൻ പറഞ്ഞുവെന്നും തങ്ങൾ തന്നെയാണ് കഴുകിയതെന്നും അമ്മ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്.
എന്നാൽ, ദൂഷ്യവശങ്ങൾ ഉണ്ടായേക്കാവുന്ന ഇമ്യൂണോ ഗ്ലോബലിൻ കുത്തിവെക്കുമ്പോൾ ടെസ്റ്റ് ഡോസ് എടുത്തശേഷം ഒരു മണിക്കൂർ നിരീക്ഷണത്തിൽ ഇരിക്കണം എന്നത് ആരോഗ്യ പ്രോട്ടോകോളാണെന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ വിശദീകരണം.
ഗുരുതര ചികിത്സാപിഴവാണെന്ന് പ്രതിപക്ഷ കക്ഷികളും ആരോപിച്ചു. ബി.ജെ.പിയുടെയും യൂത്ത് കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ പെരുനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ചൊവ്വാഴ്ച കുട്ടിയുടെ വീട് സന്ദർശിക്കുകയും ചെയ്തു. അഭിരാമിയുടെ സംസ്കാരം നടക്കുന്ന ബുധനാഴ്ച യൂത്ത് കോൺഗ്രസ് പെരുനാട്ടിൽ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.