ചെങ്ങന്നൂർ: അപകടത്തിൽ പെട്ട് നടുറോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാനായി സഹായിക്കണമെന്ന് വഴിയാത്രികരായ രണ്ടു യുവതികൾ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ആരുടേയും സഹായത്തിന് കാത്തിരിക്കാതെ അയാൾ യാത്രയായി. മനസാക്ഷിയും മനുഷ്യത്വവും മരവിച്ചുപോയപ്പോൾ നിരണം തുണ്ടിയിൽ എക്കപ്പുറത്ത് വീട്ടിൽ മോനച്ചൻ - ഷേർളി ദമ്പതികളുടെ മകൻ ജിബു എബ്രഹാം (23) െൻറ ദാരുണാന്ത്യത്തിനിടയാക്കി.
ശനിയാഴ്ച രാവിലെ 10.15 നോടെ മാവേലിക്കര -തിരുവല്ല സംസ്ഥാന പാതയിൽ പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് ബൈക്ക് അപകടമുണ്ടായത്. വിദേശത്തു നിന്നും കഴിഞ്ഞ ഫെബ്രു 15 ന് നാട്ടിലെത്തിയ ശേഷം കൊറോണ വ്യാപനം കാരണം തിരികെപ്പോകുവാനായില്ല. ഈ മാസം ഗൾഫിനു മടങ്ങാനിരുന്നതാണ്. തിരുവല്ലറയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് റദ്ദാക്കി വീട്ടിലേക്കു മടങ്ങി വരും വഴിയാണ് കാറുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റത്. രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനായി കാഴ്ചക്കാരായി നിൽക്കുന്ന യുവാക്കളടക്കമുള്ളവരോട് രണ്ട് യുവതികളാണ് പലവുരു യാചിച്ചത്.
എന്നാൽ പോകുന്നവരും വരുന്നവരും സംഭവം കണ്ടതിനു ശേഷം റോഡിൽ നിന്നുംയുവാവിനെ മാറ്റിക്കിടത്താനോ ആശുപത്രിയിലെത്തിക്കാനോ മനസ്സു വന്നില്ല. അവസാനം വഴിയാത്രക്കാരായിരുന്ന രണ്ട് യുവാക്കൾ സഹായത്തിനെത്തിയെങ്കിലും സമയം കഴിഞ്ഞിരുന്നു.
യുവതികൾ അഭ്യർത്ഥന കേട്ടു പിൻമാറുന്നവരും മിണ്ടാട്ടമില്ലാതെ കാഴ്ചക്കാരായി നിൽക്കുന്നതുമായ വീഡിയോ നവമാധ്യമങ്ങളിലൂടെ സമൂഹത്തിനു മുന്നിലൊരു ചോദ്യ ചിഹ്നമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.