കൊച്ചി: മാടവന ജങ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സ്വകാര്യ ബസിനടിയിൽപെട്ട് മരിച്ച ബൈക്ക് യാത്രികൻ ജിജോ സെബാസ്റ്റ്യന്‍ കണ്ണീരോടെ വിട നൽകി കുടുംബാംഗങ്ങളും സഹപ്രവർത്തകരും.
എറണാകുളം ജയലക്ഷ്മി സിൽക്സിലെ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരനായ ജിജോയുടെ മൃതദേഹം സ്ഥാപനത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ പൊതുദർശനത്തിനുവെച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് 12.30നാണ് മൃതദേഹം സ്ഥാപനത്തിലെത്തിച്ചത്.
തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനെ അവസാനമായി ഒരു നോക്കു കാണാൻ ജീവനക്കാരെല്ലാം എത്തി. ജിജോയുടെ ഭാര്യ റിയ, മാതാപിതാക്കളായ സെബാസ്റ്റ്യൻ, മേരിക്കുട്ടി എന്നിവരും ഇവിടെയുണ്ടായിരുന്നു. പ്രിയതമന്റെ ചേതനയറ്റ ശരീരത്തിൽ വീണ് അലമുറയിടുന്ന റിയ കണ്ടുനിൽക്കുന്നവരെയും കണ്ണീരിലാഴ്ത്തി.
ഞായറാഴ്ച രാവിലെ 10.10ഓടെ ഇടപ്പള്ളി-അരൂർ ദേശീയപാതയിൽ മാടവന ജങ്ഷനിൽ നിയന്ത്രണം വിട്ട കല്ലട ട്രാവൽസിന്റെ ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ചുമറിഞ്ഞപ്പോൾ ബൈക്ക് യാത്രികനായ ജിജോ ഇതിനടിയിൽ പെടുകയായിരുന്നു. അരമണിക്കൂറോളം ബസിനടിയിൽപെട്ട ജിജോയെ ക്രെയിനുപയോഗിച്ച് ബസ് ഉയർത്തിയശേഷമാണ് പുറത്തെടുക്കാനായത്.
പത്തടിപ്പാലത്ത് കുടുംബസമേതം താമസിക്കുകയായിരുന്നു ജിജോ. മകൾക്കൊപ്പം ചേർത്തലയിലെ സഹോദരിയുടെ വീട്ടിലായിരുന്ന ഭാര്യയെ കൊണ്ടുവരാനായി പോകുമ്പോഴാണ് അപകടമുണ്ടായത്.സ്ഥാപനമേധാവികളും സഹപ്രവർത്തകരും പൊതുപ്രവർത്തകരുമുൾപ്പെടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.