ആലുവ: ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയെന്ന് മൊഴി. സുഹൃത്തിന്‍റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്ന് പ്രതി അസം സ്വദേശിയായ അഫ്സാഖ് ആലം മൊഴി നൽകിയെന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാണ്.
സക്കീർ ഹുസൈൻ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് പ്രതി നൽകിയ മൊഴി. സുഹൃത്തായ തൊഴിലാളിയാണ് ഇടനിലക്കാരനായത്. സക്കീർ ഹുസൈനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ആലുവ ചൂർണിക്കര പഞ്ചായത്തിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് ഇന്നലെ കാണാതായത്. തായിക്കാട്ടുകര യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
കുട്ടിയെ കാണാതായ സമയം മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികൾ മാത്രമുള്ളപ്പോൾ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. വൈകിട്ട് അഞ്ചരക്കാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
പ്രതി അഫ്സാഖ് ആലം കുട്ടിയെയും കൂട്ടി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾ രണ്ട് ദിവസം മുൻപാണ് ജോലി അന്വേഷിച്ച് ഇവിടെ എത്തിയത്. ഇയാളെ കുറിച്ച് ആർക്കും കൂടുതൽ വിവരമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.