മനോരോഗിയായ 15 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 52 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: മനോരോഗിയായ 15 കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 52 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും. മുടവൻമുകൾ തമലം പൊറ്റയിൽ വീട്ടിൽ പ്രഭാത് കുമാർ എന്ന പ്രഭൻ(64 ) നെ ആണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നുമാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്ന് ജഡ്ജി ആർ. രേഖ വിധി ന്യായത്തിൽ പറഞ്ഞു. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.

2013 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കുട്ടി സ്കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തി ടി.വി കാണവെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പെൺകുട്ടിയെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. ആദ്യം വഴങ്ങാത്തതിനാൽ കുട്ടിയെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയാണ് പീഡിപ്പിച്ചത്.

കുട്ടി നിലവിളിച്ചെങ്കിലും വീട്ടിൽ ആരുമില്ലായിരുന്നു. പ്രതി ബലം പ്രയോഗിച്ചതിനാൽ കുട്ടിയും വായിലും കഴുത്തിലും മുറിവേറ്റു.കുട്ടിയുടെ അമ്മയും മനോരോഗിയാണ്. 85 വയസ് പ്രായമുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. അടുത്ത ദിവസവും രാത്രി വീട്ടിൽ കയറിയപ്പോൾ അമ്മുമ്മ വെട്ടുകത്തിയെടുത്ത് പ്രതിയെ വെട്ടാൻ ഓങ്ങിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.

അടുത്തദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകൾ കണ്ട കൂട്ടുകാരികളാണ് ടീച്ചറോട് വിവരം പറഞ്ഞത്. കുട്ടിയെ മാറ്റി നിർത്തി ടീച്ചർ വിവരം ആരാഞ്ഞപ്പോൾ ആണ് പീഡനം അറിഞ്ഞത്. സ്കൂൾ അധികൃതർ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ ഉടനെ തന്നെ വിവരം അറിയിച്ചു. വിചാരണ വേളയിൽ കുട്ടി കൂട്ടിൽ നിന്ന് പൊട്ടികരഞ്ഞുകൊണ്ടാണ് പീഡന വിവരങ്ങൾ കോടതിയോട് വെളിപെടുത്തിയത്.

അതിനാൽ പല ദിവസങ്ങളിൽ ആയിട്ടാണ് കുട്ടിയുടെ വിചാരണ നടന്നത്. ഗോപി എന്ന ഓട്ടോ ഡ്രൈവർ കൂടി കുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു. പക്ഷേ വിചാരണവേളയിൽ പ്രതി മരണപ്പെട്ടു. മനോരോഗിയായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധി ന്യായത്തിൽ പറയുന്നു. ഇത്തരം ശിക്ഷകൾ വന്നാൽ മാത്രമെ കുറ്റകൃത്യങ്ങൾ കുറയുകയുള്ളുവെന്നും വിധിയിലുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയമോഹൻ ഹാജരായി. മ്യൂസിയം സി.ഐമാരായിരുന്ന വി. ജയചന്ദ്രൻ, എം.ജെ സന്തോഷ്, എസ്.ഐ ആയിരുന്ന പി.ബി വിനോദ്കുമാർ എന്നിവർ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു, 26 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.

Tags:    
News Summary - Accused who molested 15-year-old mentally ill girl gets 52 years rigorous imprisonment and one quarter lakh rupees fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.