തിരുവനന്തപുരം: അമ്മയെ മർദിച്ച് അവശയാക്കി പതിനൊന്ന് വയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ. രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം.
2020 ജൂണിൽ കുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോൾ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രാവിലെ 10 ന് കുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മനോരോഗിയായ അമ്മ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു. കുട്ടി വീട്ടിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ പ്രതി അമ്മയെ മർദിച്ച് അവശയാക്കി. കുട്ടിയുടെ അനുജനെ വിരട്ടിയോടിച്ച ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ട പോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തി. അന്നേ ദിവസം വൈകീട്ട് പ്രതി വീണ്ടും വരുകയും കുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മയും കുട്ടിയും ബഹളം വെച്ച് കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിക്കുകയായിരുന്നു.
കുട്ടി സർക്കാർ ഹോമിൽ നിന്നാണ് പഠിച്ചിരുന്നത്. സമാന സംഭവം ഹോമിലെ മറ്റൊരു കുട്ടിക്കും ഉണ്ടായപ്പോഴാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. തുടർന്ന് ഹോം അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പിഴത്തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമായി. പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ.വൈ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.