ആർ.ടി.പി.സി.ആർ ഫലം വൈകൽ​ ഒഴിവാക്കാൻ നടപടി; സ്വകാര്യ മേഖലയിലെ ഉയർന്ന നിരക്ക്​ ഈടാക്കുന്നത്​ പരിശോധിക്കും

തിരുവനന്തപുരം: ആർ.ടി.പി.സി.ആര്‍ ടെസ്​റ്റി​െൻറ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമാക്കിയതിനാലാണ്​ ഫലം ലഭിക്കുന്നതില്‍ താമസമുണ്ടായത്​. ആ പ്രശ്നം ഉടൻ പരിഹരിക്കും.

ഇ.എസ്.ഐ ആശുപത്രികളെക്കൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് പരിശോധിക്കും. നിയന്ത്രണങ്ങള്‍ കർശനമാക്കുന്നുണ്ടെങ്കിലും ഉല്‍പാദനമേഖലയും നിർമാണമേഖലയും സ്തംഭിക്കരുതെന്നാണ് സര്‍ക്കാർ നിലപാട്. അതുകൊണ്ടാണ് സമ്പൂര്‍ണ ലോക്​ഡൗണ്‍ ഒഴിവാക്കുന്നത്.

കൃഷി, വ്യവസായം, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, മത്സ്യബന്ധനം, പാല്‍ ഉൽപാദനം, തൊഴിലുറപ്പ് പദ്ധതി, കുടില്‍ വ്യവസായം എന്നിവയൊന്നും സ്തംഭിക്കരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ മേഖലയിൽ ആർ.ടി.പി.സി.ആർ പരിശോധനക്ക്​ ഉയർന്ന നിരക്ക്​ ഇൗടാക്കുന്നത്​ പ്രത്യേകം പരിശോധിക്കും. ന്യായമായ രീതിയിൽ തന്നെ ആർ.ടി.പി.സി.ആർ പരിശോധന നടക്കുന്നതിനു സൗകര്യമൊരുക്കുമെന്നും വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മറ്റു​ സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​​ ഉയർന്ന നിരക്കാണ്​ കേരളത്തിലുള്ളതെന്നത്​ ദിവസങ്ങളായി പരാതിക്കിടയാക്കുന്നുണ്ട്​. 1700 രൂപയാണ്​ ​േകരളത്ത​ിലെ ആർ.ടി.പി.സി.ആർ നിരക്ക്​. തമിഴ്​നാട്ടിൽ 1200 രൂപയാണ്​.

അന്തർസംസ്​ഥാന യാത്രകൾക്ക്​ ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നിർബന്ധമായ സാഹചര്യത്തിൽ വലിയ പ്രയാസമാണ്​ യാത്രക്കാരടക്കം നേരിടുന്നത്​​. കുടുംബസമേതം യാത്ര​ ചെയ്യുന്നവരും ബിസിനസ്​ ആവശ്യാർഥമുള്ള യാത്രക്കാരുമെല്ലാം വലിയ പ്രതിസന്ധിയാണ്​ നേരിടുന്നത്​.

സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും. 1500 രൂപയായി നിരക്ക്​ കുറച്ചിരുന്നുവെങ്കിലും ലാബുകളുടെയും ആശുപത്രികളുടെയും ഹരജിയെത്തുടർന്ന് ഹൈകോടതി 1700 രൂപയാക്കിയെന്നാണ്​ ആരോഗ്യവകുപ്പ്​ ചൂണ്ടിക്കാട്ടുന്നത്​.

ഒാരോ തദ്ദേശ സ്ഥാപനത്തിനു​ കീഴിലും മെഡിക്കൽ ടീം

ഒാരോ തദ്ദേശ സ്ഥാപനത്തിനു​ കീഴിലും ഒരു മെഡിക്കൽ ടീമിനെ സജ്ജമാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ടെലി മെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തും. ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാർഥികളെയും ഇതിനായി ഉപയോഗിക്കാം.

സർക്കാർ ഡോക്ടര്‍മാര്‍ക്കൊപ്പം സ്വകാര്യ ഡോക്ടര്‍മാരെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തണം. ഈ തീരുമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനും നിര്‍ദേശം നൽകി.

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക്​ പ്രത്യേകം പരിശോധിക്കും

കോവിഡ്​ ചികിത്സക്ക്​ സ്വകാര്യ ആശുപത്രികൾ അമിത നിരക്ക്​ ഇൗടാക്കുന്നെന്ന പരാതി സർക്കാർ പ്രത്യേകം പരിശോധിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ചികിത്സ നിരക്ക് നിയന്ത്രിക്കാനും ഏകീകരിക്കാനും സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.

അനുകൂല പ്രതികരണമാണ് അവരില്‍നിന്ന്​ ഉണ്ടായത്. എന്നാല്‍, കൂടിയ നിരക്ക് ഈടാക്കുന്നെന്ന പരാതി അതിനുശേഷവും ഉയരുന്നുണ്ട്. ഇക്കാര്യം പ്രത്യേകം പരിശോധിക്കും. കോവിഡ് വ്യാപനത്തി​െൻറ ഗൗരവം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കയും ഐ.സി.യുവും വെൻറിലേറ്ററും ഓക്സിജനും മരുന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കരുതൽ സ്വീകരിച്ചിട്ടുണ്ട്. കൃത്യമായി അവലോകനവും നടത്തുന്നുണ്ട്. ഇപ്പോള്‍ ഒന്നിനും കുറവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Action to avoid RTPCR result delay; Higher rates in the private sector will be examined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.