കോട്ടയം: ദിലീപിനെതിരെ പ്രചരിച്ച വ്യാജ ചാറ്റ് താൻ സൃഷ്ടിച്ചതല്ലെന്നും അത്രയും പൊട്ടനാണോ താൻ എന്നും കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ്. 'പൊലീസ് പറയുന്ന വ്യാജ ചാറ്റ് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, ഉണ്ടാക്കിയത് ഞാനല്ല. അത്രയും പൊട്ടനാണോ ഞാൻ? പലതും അയച്ച കൂട്ടത്തിൽ അതും ദിലീപിന്റെ സഹോദരനും അഭിഭാഷകനും താൻ അയച്ചുകൊടുത്തിരിക്കാം' -ഷോൺ മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്നും ഷോൺ ആവർത്തിച്ചു. 'ദിലീപേട്ടൻ ആ തെറ്റ് ഒരിക്കലും ചെയ്യില്ല, മകൾ എന്നൊരു ചിന്തയേയുള്ളു ആ മനുഷ്യന്' -ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരിക്കവെ ഷോൺ പറഞ്ഞു.
'ദിലീപേട്ടന് ദോഷകരമായി ബാധിക്കുന്നതടക്കം കേസുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന എല്ലാ മെസേജുകളും ശ്രദ്ധയിൽപെട്ട കാര്യങ്ങളും ഞാൻ ദിലേീപേട്ടന് അയച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം ഈ തെറ്റ് ഒരിക്കലും ചെയ്യില്ല എന്ന് എനിക്ക് ഉറച്ച ബോധ്യമുള്ള ഒരാളാണ് ഞാൻ. അതിന് പല കാരണങ്ങളുണ്ട്. ചില കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ തന്റെ മോളെ അത് ബാധിക്കുമെന്ന് ദിലീപേട്ടൻ പറയാറുണ്ട്. നടിയെ ആക്രമിച്ച കേസ് പുറത്ത് വന്നപ്പോൾ ദിലീപേട്ടന് ആദ്യം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത് പി.സി. ജോർജാണ്. അദ്ദേഹത്തിനും ഉറച്ച ബോധ്യമുണ്ട്. കേസിന് പിറകിൽ വല്യ വല്യ ആൾക്കാരാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസും എ.ഡി.ജി.പി സന്ധ്യക്കും അടക്കം പങ്കുണ്ട്' -ഷോൺ പറഞ്ഞു.
ദിലീപിന്റെ സഹോദരൻ അനൂപുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ലെന്നും ഷോൺ പറഞ്ഞു. ദിലീപ് അറസ്റ്റിലായ ശേഷമാണ് അനൂപുമായി ബന്ധപ്പെട്ടത്. അറസ്റ്റിന് ശേഷം 50 തവണയോളം ചാനൽ ചർച്ചകളിൽ ദിലീപേട്ടന് വേണ്ടി പങ്കെടുത്തിട്ടുണ്ട് -ഷോൺ പറഞ്ഞു.
നടിയെ അക്രമിച്ച കേസിൽ ദിലീപിനെ സംബന്ധിച്ച് പ്രമുഖരുടെ പേരിൽ വ്യാജ വാട്സാപ് സ്ക്രീൻ ഷോട്ട് പ്രചരിച്ചിരുന്നു. പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പേരിലുള്ള സ്ക്രീന്‍ ഷോട്ടുകളും ഇതിൽ ഉണ്ടായിരുന്നു. ഷോണിന്‍റെ നമ്പറില്‍ നിന്നാണ് അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തന്‍ലാണ് പി.സി. ജോർജും ഷോൺ ജോർജും താമസിക്കുന്ന ഈരാറ്റുപേട്ട ചേന്നാട് കവലയിലെ വീട്ടിൽ ഇന്ന് റെയ്ഡ് നടന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണികുട്ടന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ലാവ്‍ലിൻ കേസിൽ അടുത്ത മാസം വിധി വരുമെന്ന് ഉറപ്പായതോടെയാണ് തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ നീക്കവുമായി രംഗത്തെത്തിയതെന്ന് പി.സി.ജോർജും ആരോപിച്ചു. വിധി വരുമ്പോൾ പിണറായി ജയിലിൽ പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ടാണ് അവിഹിത മാർഗങ്ങൾ ഉപയോഗിച്ച് 20 വർഷമായി കേസ് പിടിച്ചുവച്ചിരിക്കുന്നത്. വിധിയുടെ കാര്യം ചർച്ചയാകാതിരിക്കാനാണ് ഈ റെയ്ഡെന്നും പി.സി.ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.