തിരുവനന്തപുരം: നടൻ ബൈജു സന്തോഷിന്‍റെ കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയരുന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി മകൾ ഐശ്വര്യ. അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്നത് താനല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നെന്നും ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് നടന്‍ ബൈജുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഞായറാഴ്‌ച രാത്രി 11.45 ഓടെയായിരുന്നു അപകടം. തിരുവനന്തപുരം വെള്ളയമ്പലം ജങ്ഷനിൽ വെച്ച് ബൈജു ഓടിച്ചിരുന്ന കാർ സ്‌കൂട്ടറിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കൂടെ ബന്ധുവായ പെൺകുട്ടിയുമുണ്ടായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ബൈജുവിനെ പുറത്തിറക്കിയത്. തുടർന്ന് മ്യൂസിയം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു.
കവടിയാർ ഭാഗത്തുനിന്ന് വന്ന ബൈജുവിന്റെ കാർ ആൽത്തറ ഭാഗത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും വാട്ടർ അതോറിറ്റിയുടെ പണി നടക്കുന്നതിനാൽ ബാരിക്കേഡ് ഉപയോഗിച്ച് ഒരു വശത്തേക്കുള്ള ഗതാഗതം തടഞ്ഞിരുന്നു. ഇതുകണ്ട് കാർ വെള്ളയമ്പലം ഭാഗത്തേക്ക് വെട്ടിത്തിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബൈജുവിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മദ്യപിച്ചതായി സംശയം തോന്നിയത്. തുടർന്ന് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തി. വൈദ്യ പരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തസാമ്പ്ൾ ശേഖരിക്കാൻ ബൈജു അനുവദിച്ചില്ല. തുടർന്ന് മദ്യത്തിന്റെ മണം ഉള്ളതായാണ് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയത്.
മദ്യപിച്ച് വാഹനം ഓടിച്ചതിനും അമിത വേഗത്തിനുമാണ് പൊലീസ് കേസെടുത്തത്. അപകടത്തിൽപ്പെട്ട ഇരുചക്രവാഹനയാത്രക്കാരൻ പരാതി നൽകിയിട്ടില്ല. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല. ടയർ പഞ്ചറായി റോഡിൽ കിടന്ന കാർ ബൈജുവിന്റെ ഡ്രൈവറെ വിളിച്ച് വരുത്തിയാണ് പൊലീസ് മ്യൂസിയം സ്‌റ്റേഷനിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.