തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന് ലഭിച്ച പുതിയ പദവി ഭാരിച്ച ഉത്തരവാദിത്തമല്ലെന്ന് സുരേഷ് ഗോപി എം.പി. നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന ഉദ്യമം മാത്രമാണ് മുന്നിലുള്ളത്. അത് പല തവണ നമ്മൾ കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുരേന്ദ്രൻ ബാറ്റൺ രാജീവിന് കൈമാറിയതോടെ സൈദ്ധാന്തിക വിപ്ലവത്തിലേക്കാണ് വളർന്നിട്ടുള്ളത്. ഇക്കാര്യം മനസിലാക്കി എതിരാളികൾ പ്രതിപ്രവർത്തനം തുടങ്ങിയാൽ മാത്രമേ ബി.ജെ.പിക്ക് ഭാരിച്ച ജോലിയാകൂ.
മുൻ അധ്യക്ഷന്മാർ കൂടുതൽ കരുത്ത് പകർന്നാണ് പാർട്ടി ഇവിടം വരെ എത്തിയത്. അതുക്കും മേലെ എന്ന് പറയുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നത്. നമുക്ക് പല പ്രദേശങ്ങളും കേരളത്തിൽ എടുക്കാനുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
നരേന്ദ്ര മോദിക്കും അമിത്ഷാക്കും നിർമല സീതാരാമനും വേണ്ടി കേരളം മൊത്തം നമ്മൾ എടുക്കാൻ പോവുകയാണെന്ന് ആഞ്ഞടിച്ച് പ്രഖ്യാപിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ഞായറാഴ്ച ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റായി നിർദേശിച്ചത്. ജനറൽ സെക്രട്ടറി എം.ടി. രമേഷ്, ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ എന്നിവരും അവസാനം വരെ പരിഗണനയിലുണ്ടായിരുന്നു.
കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭാംഗമായ രാജീവ് രണ്ടാം മോദി സർക്കാറിൽ ഐ.ടി വകുപ്പ് ചുമതലയുള്ള സഹമന്ത്രിയായിരുന്നു. സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ച് പരിചയമില്ലാത്ത ഒരാൾ സംസ്ഥാന ബി.ജെ.പി അധ്യക്ഷനാകുന്നത് ആദ്യമാണ്.
മറുനാടൻ മലയാളി കുടുംബത്തിൽ ഗുജറാത്തിൽ ജനിച്ച് വിദേശ വിദ്യാഭ്യാസം നേടി ഐ.ടി ജോലിയിലും ബിസിനസിലും നേട്ടങ്ങൾ സ്വന്തമാക്കി 2006ൽ സ്വതന്ത്രനായി രാജ്യസഭാംഗമായ ശേഷമാണ് രാജീവ് ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.