കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്നാംദിവസവും തുടരുന്നു. ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി. ശബ്ദം തിരിച്ചറിയാനാണ് തന്നെ വിളിച്ചുവരുത്തിയതെന്ന് വ്യാസൻ പറഞ്ഞു.
എ.ഡി.ജി.പി ശ്രീജിത്ത് കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയിരുന്നു. ചോദ്യംചെയ്യൽ മൂന്നാംദിവസമായതിനാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ദിലീപ് അടക്കം അഞ്ചുപ്രതികളെയാണ് ചോദ്യംചെയ്യുന്നത്. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും അടങ്ങിയ വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച ഹൈകോടതിയിൽ ഹാജരാക്കണം.
ദിലിപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ കഴിഞ്ഞദിവസം ഒറ്റക്കും ഒരുമിച്ചിരുത്തിയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ ബൈജു ചെങ്ങമനാടിനെയും അപ്പുവിനെയും വിശദമായി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു.
കഴിഞ്ഞദിവസം സംവിധായകരായ റാഫിയെയും അരുൺ ഗോപിയെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജറെയും വിളിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.