ചോദ്യം ചെയ്യൽ മൂന്നാംദിവസവും തുടരുന്നു; ദിലീപിന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്നാംദിവസവും തുടരുന്നു. ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി. ശബ്ദം തിരിച്ചറിയാനാണ് തന്നെ വിളിച്ചുവരുത്തിയതെന്ന് വ്യാസൻ പറഞ്ഞു.
എ.ഡി.ജി.പി ശ്രീജിത്ത് കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയിരുന്നു. ചോദ്യംചെയ്യൽ മൂന്നാംദിവസമായതിനാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ദിലീപ് അടക്കം അഞ്ചുപ്രതികളെയാണ് ചോദ്യംചെയ്യുന്നത്. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും അടങ്ങിയ വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച ഹൈകോടതിയിൽ ഹാജരാക്കണം.
ദിലിപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ കഴിഞ്ഞദിവസം ഒറ്റക്കും ഒരുമിച്ചിരുത്തിയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ ബൈജു ചെങ്ങമനാടിനെയും അപ്പുവിനെയും വിശദമായി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു.
കഴിഞ്ഞദിവസം സംവിധായകരായ റാഫിയെയും അരുൺ ഗോപിയെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജറെയും വിളിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.