കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൊലീസ് പിടിച്ചെടുത്ത മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ രണ്ടാഴ്ചത്തെ സാവകാശം നൽകണമെന്ന് പ്രതികളിലൊരാളായ നടൻ ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.
മെമ്മറി കാർഡിെൻറ പകർപ്പ് നൽകാനാവില്ലെന്നും കാണാൻ അനുവദിക്കാമെന്നുമുള്ള സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ഇതിന് അനുമതിതേടി എറണാകുളം അഡീഷനൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഇതു പരിശോധിക്കാൻ കഴിവുള്ളയാളെ സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരണമെന്നും ഇതിനു കൂടുതൽ സമയം ആവശ്യമാണെന്നുമായിരുന്നു അഭിഭാഷകൻ വഴി ബോധിപ്പിച്ചത്. എന്നാൽ, രണ്ടാഴ്ച നൽകാൻ കഴിയില്ലെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വാക്കാൽ വ്യക്തമാക്കി. കേസ് പ്രാരംഭവാദം കേൾക്കലിനായി ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ ദിലീപും മറ്റൊരു പ്രതി സനൽകുമാറും ഹാജരായിരുന്നില്ല.
പൊലീസ് പിടികൂടിയ മൊബൈൽ ഫോൺ അടക്കമുള്ള 32 ഇലക്ട്രോണിക് ഉപകരണങ്ങളിലെ മുഴുവൻ ദൃശ്യങ്ങളും ചിത്രങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹരജിയും നൽകി. തങ്ങൾക്കെതിരെ പ്രോസിക്യൂഷൻ ഉപയോഗിക്കാൻ സാധ്യതയുള്ള ഇവ ഇതുവരെ നൽകിയിട്ടില്ലെന്നാണ് പ്രതിഭാഗം ബോധിപ്പിച്ചത്.
അതേസമയം, ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ കേസുമായി ഒരു ബന്ധവുമില്ലാത്ത രേഖകൾ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
ഈ ദൃശ്യങ്ങൾ കേസുമായി ബന്ധമില്ലാത്തവരുടേതാണ്. ഇത്തരം ദൃശ്യങ്ങളിൽ ഉൾപ്പെടുന്നവർപോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. അവരാരും കുറ്റക്കാരോ ഇരകളോ അല്ല.
ഇവരുടെ സ്വകാര്യതയെ ഹനിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെടാൻ പ്രതിഭാഗത്തിന് അവകാശമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇരുഭാഗം വാദവും കേട്ടശേഷം കോടതി ഹരജി വിധി പറയാൻ 11ലേക്ക് മാറ്റി. അതിനിടെ, കഴിഞ്ഞ ദിവസം ജാമ്യം റദ്ദാക്കിയ പത്തനംതിട്ട സ്വദേശി സനൽകുമാർ എന്ന മേസ്തിരി സനലിന് ജാമ്യം നിന്ന ഉണ്ണികൃഷ്ണൻ, അബ്ദുൽ റഹ്മാൻ എന്നിവർ ചൊവ്വാഴ്ച കോടതിയിൽ ഹാജരായി. ഡിസംബർ 11ന് സനൽകുമാറിനെ കോടതിയിൽ ഹാജരാക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടു.
വീഴ്ചവരുത്തിയാൽ ഇരുവരും 80,000 രൂപ വീതം കെട്ടിവെക്കണം. ഒളിവിൽപോയ സനലിന് പലതവണ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കി ജാമ്യംനിന്നവരെ വിളിച്ചുവരുത്തിയത്.
മറ്റ് പ്രതികളായ മാർട്ടിൻ ആൻറണി, വിജേഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷകളിലും ചൊവ്വാഴ്ച വാദം പൂർത്തിയാക്കി. ഇതിലും 11ന് വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.