ഇതൊക്കെ എല്ലാ കാലത്തുമുണ്ട്; ഇടക്ക് കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ? -ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ച് ഇ​ന്ദ്രൻസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാധ്യമ​ പ്രവർത്തകർക്കു മുന്നിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ഹേമകമ്മിറ്റി റിപ്പോർട്ടിൻ മേൽ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഏതു മേഖലയിലായാലും സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ നടപടി ആവശ്യമാണ്. നമ്മുടെ സംഘടനയിലും സിനിമയിലും പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകളാണുള്ളത്.  പരാതികളുണ്ടെങ്കിൽ അന്വേഷണം വേണമെന്നും ഇന്ദ്രൻസ് പറഞ്ഞു. സാക്ഷരതാ മിഷന്റെ ഏഴാം ക്‌ളാസ് പരീക്ഷ എഴുതാനായി എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടൻ. 

ഒരാഴ്ചയായിട്ട് കാര്യങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല. ആരോപണങ്ങളെ കുറിച്ച് പറഞ്ഞുകേൾക്കുന്ന അറിവേ ഉള്ളൂവെന്നായിരുന്നു ആദ്യം ഇന്ദ്രൻസിന്റെ പ്രതികരണം. എല്ലാ കാലത്തും വന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിത്. ഇടക്ക് കുറച്ച് എരിയും പുളിയുമൊക്കെ വേണ്ടേ. അതിനു വേണ്ടിയാണിതൊക്കെ. അതുകൊണ്ട് സിനിമ മേഖലക്ക് ദോഷമൊന്നുമുണ്ടാകില്ല.-നടൻ പറഞ്ഞു.

വാതിലിൽ മുട്ടിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താൻ മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.

രഞ്ജിത്തിനെതിരെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ  ആർക്കെതിരെയും ആരോപണം ഉന്നയിക്കാ​മല്ലോ എന്നായിരുന്നു  മറുപടി.നേതൃസ്ഥാനത്തിരിക്കുന്നവരെ കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങൾ പതിവാണ്. ഇതെ കുറിച്ച് സത്യമായിട്ടും ഒന്നും അറിയില്ല. ആരോപണമുന്നയിച്ച ബംഗാളി നടിയെ അറിയില്ലെന്നും ഇ​ന്ദ്രൻസ് പറഞ്ഞു. ഇപ്പോഴുള്ള മലയാളി നടിമാരെപ്പോലും തനിക്ക് അറിയില്ല, പിന്നെയല്ലേ ബംഗാളി നടിയെന്നായിരുന്നു നടൻ്റെ പ്രതികരണം. 'ആർക്ക് വേണോ എന്ത് വേണോ പറയാം. മുഖ്യമന്ത്രിക്കെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറയാമല്ലോ. അതാണല്ലോ പെട്ടെന്ന് അറിയുന്നത്. നേതൃസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നത്. അതിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. '-ഇന്ദ്രൻസ് പറഞ്ഞു.

ശക്തമായ നിയമവ്യവസ്ഥയുള്ള നമ്മുടെ നാട്ടിൽ അതിക്രമങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Actor Indrans reacts to Hema committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.