കോഴിക്കോട്: ഭരണഘടനയെ തള്ളിപ്പറഞ്ഞ് വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ പരിഹസിച്ച് നടൻ ജോയ് മാത്യു. 'കുന്തോം കൊടച്ചക്രോം, അപ്പർ കുട്ടനാടൻ ഓണാട്ടുകര ഭാഷക്കുള്ള കൈപ്പുസ്തകം സാംസ്കാരിക വകുപ്പ് ഉടൻ ഇറക്കും. നിങ്ങളുടെ കോപ്പികൾ ഉറപ്പാക്കൂ' എന്നായിരുന്നു ഫേസ്ബുക് പോസ്റ്റിലൂടെ ജോയ് മാത്യുവിന്‍റെ പരിഹാസം.
അപ്പർ കുട്ടനാട്, ഓണാട്ടുകര ഭാഷയിൽ താൻ പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കിയതാണെന്ന് മന്ത്രി സജി ചെറിയാൻ വിവാദ പ്രസംഗത്തിൽ വിശദീകരണം നൽകിയിരുന്നു. ഇതിനെയാണ് ജോയ് മാത്യു പരിഹസിച്ചത്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിൽ ഞായറാഴ്ചയായിരുന്നു മന്ത്രിയുടെ വിവാദപ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നാണ് മന്ത്രി പറഞ്ഞത്.
'ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ച ഭരണഘടനയാണു രാജ്യത്തുള്ളത്. അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്. ബ്രിട്ടീഷുകാരൻ പറഞ്ഞു തയാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിരുന്ന ഭരണഘടനയാണ് ഇത്'. മല്ലപ്പളളി സി.പി.എം ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക് പേജിൽ പ്രസംഗത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രസംഗം വിവാദമായതോടെ ഇതു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.