തൃശൂർ: ഓണത്തെ വർണാഭമാക്കാനുള്ള ഒരുക്കങ്ങളിലാണ് ദേശങ്ങൾ. തൃശൂരിന്റെ സ്വന്തം പുലിക്കളി സംഘങ്ങളും ആവേശത്തിലാണ്. തൃശൂരിന്റെ ഓണക്കാലത്തിൽ പങ്കുചേരാൻ മുൻ എം.പിയും നടനുമായ സുരേഷ് ഗോപി നേരത്തേയെത്തി. പുലിവേഷത്തെ ജനങ്ങൾക്ക് പരിചയപ്പെടുത്താൻ തൃശൂർ ശക്തൻ പുലിക്കളി സംഘം ഒരുക്കിയ പുലിമെയ്യെഴുത്ത് കാണാനെത്തിയ താരം പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
ജവഹർ ബാലഭവനിലായിരുന്നു പുലിക്കളിയുടെ മെയ്യെഴുത്ത്. പുലിവേഷമിട്ടവരുടെ ദേഹത്ത് കണ്ണ് വരച്ച് നടൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ എത്തിയിരുന്നു. പുതൂര്‍ക്കര സ്വദേശിയായ ആദിന് അനുരാജ്, വെളിയന്നൂര്‍ സ്വദേശികളായ കതിരേശന്, പരമു, പാട്ടുരായ്ക്കല്‍ സ്വദേശി സന്തോഷ് എന്നിവരാണ് മെയ്യെഴുത്തിനായി പുലിവേഷമിട്ടത്. ചിത്രകാരന്മാരായ അശോകന് പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ എന്നിവരാണ് പുലികളെ ഒരുക്കുന്നത്.
നാലോണ നാളിലാണ് തൃശൂര്‍ നഗരത്തില്‍ പുലിക്കൂട്ടങ്ങളിറങ്ങുക. ഇത്തവണ രണ്ടു ലക്ഷമാണ് കോർപറേഷൻ പുലിക്കളി സംഘങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള, അഡ്വ. ബേബി പി. ആന്റണി, കുട്ടപ്പന് വെളിയന്നൂര്‍, പ്രകാശന് പാട്ടുരായ്ക്കല്‍, ബാലസു പൂങ്കുന്നം, രഘു കാനാട്ടുകര, സുഭാഷ് ആലപ്പാട്ട് പുതൂര്‍ക്കര, ടിജോ കാനാട്ടുകര, ജിമ്മി പാട്ടുരായ്ക്കല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.