കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖക്കെതിരെ അതിജീവിത. തന്നെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെ അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹരജി നല്‍കി.
ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പൊലീസിലെ മുതിര്‍ന്ന ഡി.ജി.പി ആയിരുന്ന ശ്രീലേഖ പൊലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്.
കേസില്‍ ബുധനാഴ്ച അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കെയാണു നടപടി. ഇന്നലെ കേസിൽ നീതി തേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ ഇടപെടണമെന്നാണ് കത്തിലൂടെ അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈകോടതിയും സുപ്രീംകോടതിയും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്.
കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീംകോടതിയെയും ഹൈകോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കത്തിൽ പറയുന്നു. കേസിൽ 2018 മാർച്ച് എട്ടിന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്കു കടക്കുന്നത്.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമവാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കാനാണ് സാധ്യത. വാദം പൂർത്തിയായാൽ കേസ് വിധി പറയുന്നതിനായി മാറ്റും. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.