കൊച്ചി: മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ. നടിയെ ആക്രമിച്ച കേസിൽ കുറ്റമറ്റരീതിയിൽ വിചാരണയ്ക്കായുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. വീണ്ടും വിസ്താരത്തിന് വിളിച്ച ഏഴ് സാക്ഷികളിൽ മഞ്ജുവാര്യർ ഉൾപ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ബാക്കിയുള്ളത്. വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് പുറത്തുകൊണ്ടുവരാനുള്ള അവകാശം പ്രോസിക്യൂഷനുണ്ട്. ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും പ്രതിഭാഗം വിസ്താരം നീട്ടിയില്ലെങ്കിൽ 30 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാനാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് ദിലീപ് സത്യവാങ്മൂലം നൽകിയത്. വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപിന്റെ വാദം. തെളിവുകളുടെ വിടവ് നികത്താനാണ് കാവ്യ മാധവന്റെ അച്ഛൻ മാധവനെയും, അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നതെന്നതെന്നും വിചാരണ നീട്ടി കൊണ്ട് പോകാനാണ് ഇതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു.
ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നത്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണ് പൊലീസും അതിജീവിതയും, പ്രോസിക്യൂഷനും നടന്നുന്നതെന്നാണ് ദിലീപിന്റെ ആരോപണം. പുതിയ സാഹചര്യത്തിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.