നടിയെ അക്രമിച്ച കേസ്; 'സൂപ്പർ സ്റ്റാർ' പിന്തുണകളിൽ സംശയം പ്രകടിപ്പിച്ച് ഡബ്ല്യു.സി.സി

പ്രമുഖ നടൻ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘത്താൽ ലൈംഗിക അതിക്രമത്തിന് വിധേയയായ നടിയെ പിന്തുണച്ച് രംഗത്തെത്തിയ സൂപ്പർ സ്റ്റാറുകൾ അടക്കമുള്ള സിനിമ മേഖലയിലുള്ളവരുടെ പ്രവർത്തനങ്ങളിൽ സംശയം പ്രകടിപ്പിച്ച് വിമൻ ഇൻ സിനിമ കലക്ടീവ്.

അക്രമിക്കപ്പെട്ട ശേഷം തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ സംബന്ധിച്ച് നടി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നടിക്കൊപ്പം തുടക്കം മുതൽ നിലയുറപ്പിച്ചിരുന്ന സഹപ്രവർത്തകർ എല്ലാംതന്നെ ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു. വിഷയം കൂടുതൽ ചർച്ചയായതിന് പിന്നാലെ നടിയുടെ കുറിപ്പ് നടൻമാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്നാണ് ഡബ്ല്യു.സി.സി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.



ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:

നമുക്ക് ചുറ്റുമുള്ളവർ ഭയത്താൽ തലതാഴ്ത്തി നിൽക്കുമ്പോഴും നമുക്ക് തല ഉയർത്തി പിടിച്ച് തന്നെ നിൽക്കാൻ സാധിക്കുന്നത് തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അസാധാരണവും അത്യധികവുമായ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവർഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവൾ, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്.

മലയാള സിനിമയിൽ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളിൽ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണ്. എങ്കിലും അതിജീവനത്തി​ന്‍റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.

 


ഇപ്പോൾ നൽകുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത് എന്നു ചോദിക്കാൻ ഞങ്ങൾ ഈയവസരത്തിൽ നിർബന്ധിതരാവുകയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്യുകയല്ലാതെ, തങ്ങളുടെ തൊഴിലിടങ്ങളിൽ POSH മാർഗ്ഗനിർദ്ദേശങ്ങൾ പ്രായോഗികമാക്കാൻ, മലയാള സിനിമ നിർമ്മാതാക്കൾ തയ്യാറാകുന്നുണ്ടോ! സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യമായ അവസരങ്ങൾ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ!

നമ്മുടെ പുരുഷ സഹപ്രവർത്തകർ, നിലവിൽ അവർക്കുള്ള നിർണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകൾക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവർത്തനാന്തരീക്ഷം ഉണ്ടെന്നും, അവർ പാർശ്വവൽക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി, സ്ഥിരവും ശാശ്വതവുമായ സഖ്യം ചേരലുകൾക്ക് തയ്യാറാകുന്നുണ്ടോ! ഇതാണ് ഞങ്ങൾക്ക് വേണ്ട പിന്തുണ. ഇത്തരത്തിലുള്ള പരിഗണനയാണ് ഞങ്ങൾ അർഹിക്കുന്നത്.

ഈ കാലയളവിൽ, അതിജീവിച്ചവൾക്കൊപ്പവും, WCC.ക്കൊപ്പവും നിന്നുകൊണ്ട്, ആത്മാർത്ഥമായി നിസ്വാർത്ഥമായി പ്രവർത്തിച്ച ഓരോരുത്തരോടുമുള്ള സ്നേഹവും കൃതജ്ഞതയും വളരെ വലുതാണ്. മലയാള സിനിമാ രംഗത്ത് പുരോഗമനപരവും വ്യവസ്ഥാനുസൃതവുമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായുള്ള ഞങ്ങളുടെ പ്രയത്നത്തിൽ നിന്നും ഒരുതരത്തിലും പിന്നോട്ടു പോകാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ഈ ഒരു യാത്രയിൽ ഉള്ള നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ വളരെ വിലപ്പെട്ടതാണ്.

പക്ഷപാതപരമല്ലാത്ത, ന്യായമായ സമത്വത്തിലൂന്നി നിൽക്കുന്ന, സുരക്ഷിതമായാ ഒരു പ്രവർത്തനാന്തരീക്ഷത്തിനായുള്ള, ഞങ്ങളുടെ ഈ പോരാട്ടത്തിൽ, ഇനിയും ഒരുപാട് പേർക്ക് പങ്കുചേരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Actress assault case; WCC casts doubt on 'superstar' support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.