കൊച്ചി: ആക്രമണ കേസിലെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ ഇരയായ നടി നൽകിയ ഹരജി പരിഗണിക്കുന്നതിൽനിന്ന് നിലവിലെ ബെഞ്ച് പിന്മാറി. വെള്ളിയാഴ്ച കേസ് പരിഗണനക്കായി പരാമർശിച്ചപ്പോൾ പിൻവാങ്ങുന്നതായി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് അറിയിച്ചു.
നേരത്തേ ഹരജി പരിഗണിച്ച കോടതി, നടൻ ദിലീപടക്കം പ്രതികൾക്കും സർക്കാറിനും നോട്ടീസ് അയക്കാൻ ഉത്തരവായിരുന്നു. തുടരന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ കേസ് പരിഗണിക്കുന്നതിൽനിന്നും ഇതേ ബെഞ്ച് മുമ്പ് പിന്മാറിയിരുന്നു. നടിയുടെ കേസ് പരിഗണിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ പിന്മാറ്റം. ഇത്തവണ ഇത്തരമൊരു ആവശ്യം നടി ഉന്നയിച്ചിരുന്നില്ല. എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ ഹൈകോടതിയുടെ ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്നാണ് നടിയുടെ ഹരജി.
അതേസമയം, തുടരന്വേഷണം സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനാൽ അന്വേഷണം ഹൈകോടതി മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെടുന്ന നടിയുടെ മറ്റൊരു ഹരജി ഓണാവധിക്ക് ശേഷം പരിഗണിക്കാൻ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മാറ്റി. തുടരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രോസിക്യൂഷൻ ഇതുവരെ സമർപ്പിച്ചിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ്
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് വിചാരണ കോടതിയുടെ നോട്ടീസ്. കോടതിരേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹരജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്.
ഉദ്യോഗസ്ഥന്റെ മറുപടിക്കായി ഹരജി ഈമാസം 24ന് വീണ്ടും പരിഗണിക്കും. കോടതിരേഖ അന്വേഷണ ഉദ്യോഗസ്ഥന് ഫോട്ടോയെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഇത് കോടതീയലക്ഷ്യമാണെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
ഇതിനിടെ, കേസിലെ മുഖ്യപ്രതികളിലൊരാളായ പള്‍സര്‍ സുനി വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്കി. നടി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത് ഇതിന് വേണ്ടിയാണെന്നും പള്‍സര്‍ സുനി ഹരജിയില്‍ പറഞ്ഞു. ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും വിചാരണ നീളുന്നത് ജയില്‍ ജീവിതം നീളാൻ ഇടയാക്കുന്നുവെന്നും ഹരജിയിൽ പറഞ്ഞു. ഇതും 24ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.