കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയതിനെതിരെ ആക്രമണത്തിനിരയായ നടി നൽകിയ ഹരജിയിൽ നടൻ ദിലീപടക്കം പ്രതികൾക്കും സർക്കാറിനും ഹൈകോടതിയുടെ നോട്ടീസ്.
എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിൽനിന്ന് ഹൈകോടതിയുടെ ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയത് നിയമവിരുദ്ധമാണെന്ന ഹരജിയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പരിഗണിച്ചത്. ഹരജി വീണ്ടും ആഗസ്റ്റ് 19ലേക്ക് മാറ്റി.
വനിത ജഡ്ജി വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം പരിഗണിച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുണ്ടായിരുന്ന കേസ് സ്പെഷൽ അഡീ. സെഷൻസ് കോടതിയിലേക്ക് മാറ്റാൻ 2019 ഫെബ്രുവരി 25നാണ് ഹൈകോടതി ഉത്തരവിട്ടത്.
ഇങ്ങനെ മാറ്റിയ കേസ് ഹൈകോടതി ഭരണവിഭാഗം ഓഫിസ് മെമ്മോറാണ്ടത്തിന്റെ ബലത്തിൽ മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്ന് ഹരജിയിൽ പറയുന്നു. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 407 പ്രകാരം ഹൈകോടതി ഇതിൽ ഇടപെടണമെന്നും വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.