കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി. വ്യാഴാഴ്ച രാവിലെയും ഉച്ചക്കുമായി രണ്ട് സെഷനുകളിലായാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ ദൃശ്യങ്ങൾ കാണിച്ചത്. രാവിലെ ദിലീപ് ഒഴികെയുള്ള പ്രതികളും ഉച്ചക്ക് ശേഷം ദിലീപും ദൃശ്യങ്ങൾ കണ്ടു. രാവിലെ ദിലീപ് ചുമതലപ്പെടുത്തിയ ഐ.ടി വിദഗ്ധൻ, സുനിൽകുമാർ എന്ന പൾസർ സുനി, മാർട്ടിൻ ആൻറണി, മണികണ്ഠൻ, വിജീഷ്, ഇവരുടെ അഭിഭാഷകർ, സനൽ കുമാറിെൻറ അഭിഭാഷകൻ എന്നിവരാണ് ദൃശ്യങ്ങൾ പരിശോധിച്ചത്.
ഉച്ചക്ക് 2.20ഓടെയാണ് ദിലീപ് അഭിഭാഷകർക്കൊപ്പം കോടതിയിലെത്തിയത്. ജഡ്ജി, സംസ്ഥാന ഫോറൻസിക് ഡിപ്പാർട്മെൻറിലെ ജോയൻറ് ഡയറക്ടർ, അസി.ഡയറക്ടർ എന്നിവർക്കൊപ്പമാണ് ദിലീപ് ദൃശ്യം കണ്ടത്. രണ്ട് സെഷനുകളിലായി ആകെ 18 പേരാണ് ദൃശ്യങ്ങൾ കണ്ടത്.
രാവിലെ കോടതിയുടെ വാതിലുകളും ജനലുകളും അടച്ച ശേഷം ദേഹപരിശോധന നടത്തിയാണ് എല്ലാവരെയും കോടതി മുറിയിലേക്ക് കയറ്റിയത്. സനൽ കുമാർ എന്ന പ്രതികൂടി ദൃശ്യങ്ങൾ കാണാൻ അനുമതി വാങ്ങിയിരുന്നെങ്കിലും തെൻറ അഭിഭാഷകനെ മാത്രം കാണിച്ചാൽ മതിയെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. രാവിലത്തെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് ദിലീപ് ദൃശ്യങ്ങൾ പരിശോധിക്കാൻ തനിക്ക് മാത്രമായി പ്രത്യേക സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനാണ് സുപ്രീംകോടതിയുടെ നിർദേശമുള്ളതെന്ന് പറഞ്ഞ പ്രോസിക്യൂട്ടർ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിെൻറ സുരക്ഷിതത്വം സംബന്ധിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഉച്ചക്ക് ശേഷം എത്തിയ ദിലീപിനെയും ദൃശ്യങ്ങൾ കാണാൻ അനുവദിച്ചത്. ദൃശ്യങ്ങൾ കണ്ടശേഷം വൈകുന്നേരം 4.20ഓടെയാണ് ദിലീപ് കോടതിയിൽനിന്ന് പുറത്തിറങ്ങിയത്. കേസിെൻറ പ്രാരംഭവാദം വെള്ളിയാഴ്ച തുടരും.
2017 ഫെബ്രുവരി 17നാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. 2017 ജൂലൈ പത്തിനാണ് കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.