കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വീണ്ടും മാറ്റിവെച്ചു. ഹരജിയിൽ വാദത്തിന് പ്രോസിക്യൂഷൻ സമയം തേടിയത് കണക്കിലെടുത്താണ് ജസ്റ്റിസ് പി. ഗോപിനാഥ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റിയത്.
ദിലീപിനുപുറമെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ശരത് ഒഴികെയുള്ള പ്രതികളെ ഹരജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഇവരുടെ ഹരജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതു വെള്ളിയാഴ്ച വരെ തുടരും. ശരത് ചൊവ്വാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിത്. ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതും ഇയാൾ നൽകിയ ശബ്ദരേഖകളും അന്വേഷണസംഘം മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പൾസർ സുനി കനത്ത മാനസിക സമ്മർദത്തിലെന്ന് മാതാവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കടുത്ത മാനസിക സമ്മർദത്തിലെന്ന് മാതാവ് ശോഭന. കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെയാണ് കനത്ത സമ്മർദത്തിലായതെന്ന് ശോഭന മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സബ് ജയിലിലെത്തി സുനിയെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മകനെ മുമ്പൊരിക്കലും ഇത്തരമൊരു അവസ്ഥയിൽ കണ്ടിട്ടില്ല. എന്താണ് പറ്റിയതെന്ന് അറിയില്ല. അവന് വലിയ ബുദ്ധിമുട്ടുണ്ട്. കേസിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും അവനോട് ചോദിക്കരുതെന്നാണ് മകൻ പറഞ്ഞത്. ''ഞാൻ പറഞ്ഞതുകൊണ്ട് ഒരുകാര്യവുമില്ല. എല്ലാം തന്നെ പുറത്തുവരട്ടെ. ഒരുമാസത്തേക്ക് ഫോണ്‍പോലും ഉപയോഗിക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞത്''.
പൾസർ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അമ്മ ശോഭന നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതിനാലാണ് മകൻ എഴുതിയ കത്ത് പുറത്തുവിട്ടത്. ദിലീപ് പറഞ്ഞിട്ടാണ് മകൻ എല്ലാം ചെയ്തതെന്നും അമ്മ പറയുകയുണ്ടായി. കേസിൽ വേറെയും ആളുകളുണ്ടെന്നും അവർ പറഞ്ഞു. ഒരുദിവസം ജില്ല കോടതിയിൽ വെച്ചാണ് കത്ത് തന്നത്. ആരെയും കാണിക്കരുതെന്നും ജീവനിൽ നല്ല പേടിയുണ്ടെന്നും താനില്ലാതാകുന്നത് എന്നാണെന്നറിയില്ലെന്നും പറഞ്ഞാണ് കത്ത് തന്നത്. അവൻ പറഞ്ഞിട്ട് കത്ത് പുറത്തുവിട്ടാൽ മതിയെന്നാണ് പറഞ്ഞിരുന്നത് -അമ്മ ശോഭന വെളിപ്പെടുത്തി. കത്ത് പുറത്തുവന്നതിനു പിന്നാലെ അന്വേഷണസംഘം അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ആലുവ മജിസ്ട്രേറ്റിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ശോഭനയുടെ രഹസ്യമൊഴിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് മൊഴി രേഖപ്പെടുത്തുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി.
മാധ്യമങ്ങൾ കോടതി ഉത്തരവ് ലംഘിച്ചോയെന്ന് പരിശോധിക്കാൻ നിർദേശം
കൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഹൈകോടതി ഡി.ജി.പിക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച് രണ്ട് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. വിചാരണ പൂർത്തിയാകുന്നതുവരെ മാധ്യമങ്ങൾ കേസ്വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്തിന്റെ ഇടക്കാല ഉത്തരവ്.
കേസിന്റെ രഹസ്യവിചാരണ നടക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങളും കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് വിചാരണക്കോടതി നേരത്തേ ഉത്തരവിറക്കിയിരുന്നു.
എന്നാൽ, ഇത് അച്ചടി, ദൃശ്യ മാധ്യമങ്ങൾ ലംഘിക്കുകയാണെന്ന് ദിലീപിന്റെ ഹരജിയിൽ പറയുന്നു. മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളുടെ വിവരങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. രഹസ്യവിചാരണ നടക്കുന്ന കേസിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവുണ്ടായിട്ടും ഇത് ലംഘിച്ചെന്ന പരാതി തള്ളിക്കളയാനാവില്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് അഭിപ്രായപ്പെട്ടു. തുടർന്നാണ് ഇക്കാര്യത്തിൽ ഡി.ജി.പി അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്. ഉത്തരവ് ലംഘിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഉചിത നിയമനടപടി എടുക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ഹരജി നിലനിൽക്കില്ലെന്നും ഈ വിഷയം ഹരജിക്കാരൻ വിചാരണക്കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നുമാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.