പൊലീസിനെ വട്ടംകറക്കി മൊബൈല്‍ ഫോണ്‍; ദുരൂഹതയേറ്റി വനിത സുഹൃത്തും

കൊച്ചി: വിവിധ കേസുകളില്‍ പൊലീസിന് പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നത് മൊബൈല്‍ ഫോണാണെങ്കില്‍, നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അന്വേഷണ സംഘത്തെ വട്ടം കറക്കുന്നതും അതുതന്നെ. നടിയെ കാറില്‍വെച്ച് ഉപദ്രവിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടിയും മുഖ്യപ്രതിയും കൂട്ടാളികളും ഒരുപോലെ സമ്മതിക്കുന്നുണ്ട്. പക്ഷേ, ഏത് ഫോണ്‍ എന്ന ആശയക്കുഴപ്പമാണ് ആദ്യംമുതലുള്ളത്. 

വെള്ള നിറത്തിലുള്ള സാംസങ് ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. ഇതിന് പിന്നാലെയാണ്, മുന്‍കൂര്‍ ജാമ്യഹരജിയുടെ വക്കാലത്ത് ഏല്‍പിക്കാന്‍ സുനിയും കൂട്ടാളിയും അങ്കമാലിയില്‍ അഭിഭാഷകനെ കണ്ടപ്പോള്‍ വെള്ള നിറത്തിലുള്ള ഫോണ്‍ കൈമാറിയതും. തെളിവുകള്‍ നശിക്കാതിരിക്കാനും മറ്റുമായി ഈ ഫോണ്‍ ആലുവ മജിസ്ട്രേറ്റിന് കൈമാറിയെന്നാണ് അഭിഭാഷകന്‍ വിശദീകരിച്ചത്. ഈ ഫോണിലാകും തെളിവുകള്‍ എന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. 

അതിനിടെയാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുള്ള യാത്രക്കിടെ ഗിരിനഗര്‍ കോളനിയിലെ ഒരു വീട്ടിലത്തെി സുനി ഫോണ്‍ കൈമാറിയെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. അതോടെ, ദൃശ്യങ്ങള്‍ ഈ ഫോണിലാകുമെന്ന നിഗമനത്തിലായി അന്വേഷണ സംഘം. എന്നാല്‍, പിടിയിലായ സുനി പറഞ്ഞത് മറ്റൊരു കഥ; ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ താന്‍ തമ്മനത്തിനടുത്ത് സെന്‍റ് ട്രീസാസ് റോഡിലെ കാനയില്‍ വലിച്ചെറിഞ്ഞെന്നും അത് പച്ച നിറത്തിലുള്ള ഫോണ്‍ ആയിരുന്നുവെന്നും. ഒരുപകല്‍ മുഴുവന്‍ ഇവിടെ അരിച്ചുപെറുക്കിയെങ്കിലും ഫോണ്‍ കിട്ടിയിട്ടില്ല. ദൃശ്യങ്ങള്‍ സുനി ഉപേക്ഷിച്ചുവെന്ന വാദം അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഒന്നുകില്‍ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് മാറ്റിയശേഷം അഭിഭാഷകന് ഫോണ്‍ കൈമാറിയിരിക്കാം, അല്ളെങ്കില്‍ ഗിരിനഗറില്‍ ഇയാളുടെ വനിത സുഹൃത്തിന് കൈമാറിയിരിക്കാം എന്ന നിഗമനത്തിലാണിവര്‍. രണ്ടായാലും ദൃശ്യങ്ങള്‍ ഒരുകാരണവശാലും പുറത്തുവരാന്‍ അനുവദിക്കരുതെന്ന് ഉന്നത കേന്ദ്രങ്ങളില്‍നിന്ന് പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സുനിയുടെ ആലപ്പുഴ സ്വദേശിനിയായ സുഹൃത്തിനെ ചുറ്റിപ്പറ്റിയാണ് ഇതുസംബന്ധിച്ച് അന്വേഷണം. ‘ഒരു വനിതയാണ് ക്വട്ടേഷന്‍ നല്‍കിയത്’ എന്ന് സുനി പറഞ്ഞത് ഇവരെ ഉദ്ദേശിച്ചായിരിക്കാമെന്നും ഇത്തരത്തിലുള്ള ബ്ളാക്മെയില്‍ തട്ടിപ്പുകളില്‍ ഇവര്‍ ഇയാളുടെ കൂട്ടാളിയായിരിക്കാമെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.

Tags:    
News Summary - actress attack case investigation continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.