കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാറിന് ജാമ്യം. കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധി വിട്ട് പോകരുതെന്നും നിബന്ധനകളോടെയാണ് പ്രദീപിന് കോടതി ജാമ്യം അനുവദിച്ചത്. കെ. ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്. ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപ് കുമാറിനെതിരായ കേസ്. ദിലീപിന് അനുകൂലമായി കേസിൽ മൊഴി നൽകണമെന്നാണ് വിപിൻ ലാലിനോട് പ്രദീപ് ആവശ്യപ്പെട്ടത്.
എന്നാൽ ഈ കേസ് ദിലീപിന് നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കാൻ കെട്ടിച്ചമച്ചതാണെന്ന് പ്രദീപ് കുമാറിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രദീപിന് ജാമ്യം നൽകിയാൽ കൂടുതൽ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനിടയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പ്രദീപ് കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് വനംബർ 28ന് കൊല്ലം പത്തനാപുരത്തെ ഗണേഷ്കുമാറിന്‍റെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.