സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍) ടെംമ്പോ ട്രാവലറില്‍ നടി സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അത്താണി മുതല്‍ കൊച്ചിവരെ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ പ്രദേശങ്ങളിലെ സി.സി.ടി.വി പരിശോധനയിലാണ് കേസില്‍ നിര്‍ണായകമായേക്കാവുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ദേശീയപാതയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും സി.സി.ടി.വി കാമറകളാണ് പരിശോധിച്ചത്. പ്രതികള്‍ എറണാകുളത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

വെണ്ണലയിലെ പെട്രോള്‍ പമ്പ്, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കാമറയില്‍നിന്ന് പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ കടയില്‍നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. നടി സഞ്ചരിച്ചിരുന്ന കാറും ട്രാവലറിന്‍െറ സമീപത്തുണ്ടായിരുന്നു. എറണാകുളം-തൃശൂര്‍ ദേശീയപാതയിലെ കൂടുതല്‍ കാമറകള്‍ പൊലീസ് പരിശോധിക്കും. കോയമ്പത്തൂരിലെയും ആലപ്പുഴയിലെയും കാമറ ദൃശ്യങ്ങളും പരിശോധിക്കും.

അതേസമയം, പ്രധാന തെളിവായ പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടത്തൊനുള്ള ശ്രമം പൊലീസ് തുടരുകയാണ്. അറസ്റ്റിലായ ദിവസം പള്‍സര്‍ സുനിയും വിജീഷും കൊച്ചിയിലെ ഹോട്ടലില്‍ എത്തിയെന്നും ഭക്ഷണം പാഴ്സല്‍ വാങ്ങി ഒഴുക്കുള്ള പുഴ എവിടെയുണ്ടെന്ന് അന്വേഷിച്ചെന്നും ഹോട്ടലുടമ മൊഴി നല്‍കി.

സുനി ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും മുഖം മറച്ചിരുന്നില്ല. വിജീഷും മുഖം മറച്ചിരുന്നില്ളെന്നാണ് ഹോട്ടലുടമ പറഞ്ഞിട്ടുള്ളത്. ഇയാള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളും കസ്റ്റഡിയിലായിട്ടും പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തത് പൊലീസിന് തലവേദനയായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വിരുദ്ധ മൊഴികളാണ് പള്‍സര്‍ സുനി നല്‍കുന്നത്. ഗിരിനഗര്‍ റീത്ത സ്ട്രീറ്റിലെ കാനയില്‍ ഫോണ്‍ കവറിലാക്കി ഉപേക്ഷിച്ചെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. പിന്നീട് ഗോശ്രീപാലത്തില്‍നിന്ന് കായലിലേക്ക് വലിച്ചെറിഞ്ഞെന്നും മൊഴി നല്‍കി. രണ്ടിടങ്ങളിലും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഫോണ്‍ കണ്ടത്തൊനായില്ല.

ആലപ്പുഴ കക്കാഴത്തെ സുഹൃത്തിന്‍െറ വീട്ടില്‍നിന്ന് കണ്ടെടുത്ത സുനിയുടേതെന്ന് കരുതുന്ന മെമ്മറി കാര്‍ഡിലും സിം കാര്‍ഡിലുമാണ് പൊലീസിന്‍െറ പ്രതീക്ഷ. മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളുണ്ടോ എന്നത് സാങ്കേതിക പരിശോധനകള്‍ക്കുശേഷം മാത്രമേ അറിയാനാകൂ. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സുനി മൊഴി മാറ്റിപ്പറയുന്നതിനാല്‍ ശാസ്ത്രീയമായി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ ആലുവയില്‍ പൊലീസ്  ചോദ്യം ചെയ്യുകയാണ്.

Tags:    
News Summary - actress attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.