കളമശ്ശേരി/പറവൂർ: അന്തരിച്ച മലയാളത്തിന്റെ പ്രിയ നടി കവിയൂർ പൊന്നമ്മക്ക് വിട ചൊല്ലി നാട്. വൈകീട്ട് നാലോടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സഹോദരൻ ഡി. മനോജ് ചിതക്ക് തീ തീപകർന്നു. അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച കവിയൂർ പൊന്നമ്മക്ക് പെരിയാർ തീരത്തെ വീട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. ഭൗതികശരീരം കളമശ്ശേരി നഗരസഭ ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 12.30നാണ് പറവൂർ കരുമാല്ലൂർ പുറപ്പിള്ളിക്കാവ് ക്ഷേത്രത്തിനുസമീപത്തെ കവിയൂർ പൊന്നമ്മയുടെ വീടായ ‘ശ്രീപദ’ത്തിൽ എത്തിച്ചത്. സിനിമ, സാംസ്കാരിക, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ ആയിരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്.
രാവിലെ 9.15ന് കളമശ്ശേരി നഗരസഭ ടൗൺ ഹാളിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തി. മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഹൈബി ഈഡന് എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, കെ.ജെ. മാക്സി, ടി.ജെ. വിനോദ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മ് ഷിയാസ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, മുന്‍ ഡി.ജി.പി ഋഷിരാജ് സിങ്, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.