തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ നടപ്പാക്കുന്ന ജലവിതരണ പദ്ധതിയിലെ വ്യവസ്ഥകൾക്കെതിരെ ഇടത് യൂനിയനുകളടക്കം നിലപാട് കടുപ്പിച്ചതോടെ പുനഃപരിശോധനക്ക് വഴിതെളിയുന്നു. ആദ്യം കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്കെതിരെ ജല അതോറിറ്റിയിലെ സംഘടനകൾ രംഗത്തുവന്നിരുന്നു. ഇടതുസംഘടനകൾ ജൂൺ 22ന് സെക്രട്ടേറിയറ്റ് മാർച്ചും നിശ്ചയിച്ചിരുന്നു. വിഷയത്തിൽ ചർച്ചയാകാമെന്ന സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിൽ സമരം മാറ്റിവെച്ചിട്ടുണ്ട്.
എ.ഡി.ബി പദ്ധതി തള്ളിക്കളയുക, കൊച്ചിയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ബദൽ പദ്ധതി തയാറാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.ഡബ്ല്യു.എ.ഇ.യു (സി.ഐ.ടി.യു), എ.കെ.ഡബ്ല്യു.എ.ഇ.യു (എ.ഐ.ടി.യു.സി), ഓഫിസേഴ്സ് സംഘടനയായ ‘അക്വ’ എന്നിവ സംയുക്തമായാണ് മാർച്ച് തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പരാജയം നിലനിൽക്കെ സർക്കാറിനെതിരെ ഭരണപക്ഷ സംഘടനകൾതന്നെ സമരം നടത്തുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞദിവസങ്ങളിൽ നടന്നു.
ഇതിന്റെ ഭാഗമായി സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ജി.എസ്. ജയലാൽ എം.എൽ.എ എന്നിവരുമായി സംയുക്ത സമരസമിതി ഭാരവാഹികൾ ചർച്ച നടത്തി.
ഇതിനിടെ എ.ഡി.ബി വിഷയം സമരസമിതി നേതാക്കൾ മന്ത്രി റോഷി അഗസ്റ്റിനുമായും ചർച്ച ചെയ്തു. എ.ഡി.ബി കരാറിലെ വ്യവസ്ഥകൾ ഉദ്യോഗസ്ഥതലത്തിൽ സ്വീകരിച്ച നടപടികളാണെന്നും സർക്കാറിന്റെ പരിഗണനയിലേക്ക് വന്നിട്ടില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
വിഷയം സർക്കാർ പരിഗണനക്ക് വരുന്നഘട്ടത്തിൽ ചർച്ചകൾക്ക് ശേഷമേ തുടർനടപടികളിലേക്ക് കടക്കൂവെന്നും ഉറപ്പുനൽകി. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സമരത്തിൽനിന്നുള്ള പിന്മാറ്റം.
കൊച്ചിയിലും തിരുവനന്തപുരത്തുമായി നടപ്പാക്കുന്ന 2511 കോടിയുടെ എ.ഡി.ബി സഹായപദ്ധതിയിൽ കുടിവെള്ളവിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിനെയാണ് തൊഴിലാളികൾ എതിർക്കുന്നത്. അത് ജല അതോറിറ്റിയിലെ ജീവനക്കാരെയും ഉദ്യോഗസ്ഥസംവിധാനത്തെയും നോക്കുകുത്തിയാവുമെന്ന ആശങ്ക ശക്തമാണ്.
എ.ഡി.ബി കരാറിലെ പല വ്യവസ്ഥകൾക്കുമെതിരെ മാനേജ്മെന്റിനെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. 1252 കോടിയുടെ കൊച്ചിയിലെ പദ്ധതി ടെൻഡർ നടപടികളിലേക്ക് കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.