പുത്തുമല (വയനാട്): പുത്തുമലയിലെ എല്ലാ കുഴിമാടങ്ങളും അവരുടേതായിരുന്നു. മുണ്ടക്കൈയിലെ പ്രകൃതിക്കലിയിൽ ഉയിരെടുത്ത് ഒറ്റരാത്രികൊണ്ട് മേൽവിലാസം നഷ്ടപ്പെട്ട് നമ്പറുകൾ മാത്രമായ മൃതദേഹങ്ങൾ.
നാലുദിവസത്തിനുള്ളിൽ തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീരാവശിഷ്ടങ്ങളുമാണ് 2019ലുണ്ടായ പുത്തുമല ദുരന്തത്തിന്റെ ശേഷിപ്പ് ഭൂമിയിൽ സംസ്കരിച്ചത്. പൊലീസ് അന്തിമോപചാരവും സർവമത പ്രാർഥനയും കഴിഞ്ഞ് ഒരോ കുഴിമാടത്തിലേക്കും മൃതദേഹങ്ങൾ ഇറക്കിവെക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ടവരുടെ ഹൃദയം പൊട്ടിയൊഴുകുന്ന കണ്ണീരു മാത്രമായിരുന്നു കൂട്ടിന്. നാടിനെ നടുക്കിയ മഹാദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ തിരിച്ചറിയാത്ത മൃതശരീരങ്ങളും ശരീരാവശിഷ്ടങ്ങളും ഏറ്റുവാങ്ങാൻ വിധിയുണ്ടായതും ഇപ്പോഴും അഞ്ചുപേർ എവിടെയെന്ന് നിശ്ചയമില്ലാത്ത പുത്തുമല ഉരുൾപൊട്ടലിന്റെ ദുരന്ത ഭൂമിയിലായിരുന്നു.
എല്ലാ കുഴിമാടങ്ങൾക്കു മുകളിലും നമ്പറുകൾ മാത്രം തിരിച്ചറിവിന് നൽകി മലവെള്ളപ്പാച്ചിലിന്റെ ഓർമകൾ കുത്തിയൊലിച്ച തേയിലത്തോട്ടത്തിന് നടുവിലെ ആറടി മണ്ണിലായിരുന്നു അവർക്കെല്ലാം അന്ത്യനിദ്ര.
സംസ്കാര ചടങ്ങുകളിൽ നടന്ന സർവമത പ്രാർഥനയിൽ ആരെന്നറിയില്ലെങ്കിലും പ്രിയപ്പെട്ടവർക്കുവേണ്ടിയുള്ള തേടലുകളായിരുന്നു.
ബുധനാഴ്ച തിരിച്ചറിയാത്ത രണ്ടു മൃതദേഹങ്ങളും നാലു ശരീരഭാഗങ്ങളുമാണ് പുത്തുമലയിലെ ദുരന്തഭൂമിയിൽ സംസ്കരിച്ചത്. പി.പി.ഇ കിറ്റണിഞ്ഞ സന്നദ്ധ പ്രവർത്തകർ ആംബുലൻസിലെത്തിയ മൃതദേഹങ്ങൾ എറ്റുവാങ്ങി താൽക്കാലിക പന്തലിലെത്തിച്ചു. ദുരന്തഭൂമിയിൽ നിന്നെത്തിയവരും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന ജനസഞ്ചയം ആരെന്നറിയാത്ത മൃതദേഹങ്ങൾക്കുവേണ്ടി അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ടി. സിദ്ദീഖ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ നേതൃത്വം നൽകി. മേപ്പാടി മാരിയമ്മൻ ക്ഷേത്രം കർമി ബാലചന്ദ്രൻ, ക്ഷേത്രം ട്രസ്റ്റി ചെയർപേഴ്സൺ അഡ്വ. ബബിത, ചൂരൽമല വികാരി ഫാ. ജിബിൻ വട്ടക്കുളം, ശംസുദ്ദീൻ റഹ്മാനി തുടങ്ങിയവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
നമ്പറുകൾ പതിച്ച കല്ലുകൾ കുഴിമാടങ്ങൾക്കുമേൽ സ്ഥാപിച്ചതോടെ ഓരോ മൃതദേഹവും ഇനി ഈ നമ്പറുകളിലാകും അറിയപ്പെടുക.
ഡി.എൻ.എ ടെസ്റ്റിൽ ആളെ തിരിച്ചറിഞ്ഞാൽ കുഴിമാടങ്ങളിലുള്ളവരെ ബന്ധുക്കൾക്ക് തിരിച്ചറിയാനാണ് നമ്പർ നൽകുന്നത്.2019 ആഗസ്റ്റ് എട്ടിലെ പുത്തുമല ഉരുൾപൊട്ടലിനുമുമ്പ് നിറയെ വീടുകളുണ്ടായിരുന്ന ഇവിടം ഇപ്പോൾ ശൂന്യമാണ്.
മലവെള്ളപ്പാച്ചിൽ തകർത്തെറിഞ്ഞ മണ്ണിൽ ഇപ്പോഴും കണ്ടെടുക്കാനാകാതെ അഞ്ചു ജീവനുകൾ മണ്ണിൽ പുതഞ്ഞുകിടക്കുകയാണ്. അവിടേക്ക് തന്നെയാണ് ആരെന്നറിയാതെ, മുണ്ടക്കൈ ഉരുൾദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മേൽവിലാസം പോലുമില്ലാത്തവരുടെ നിത്യനിദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.