യൂത്ത്​ കോൺഗ്രസിലെ വ്യാജ തിരിച്ചറിയൽ കാർഡ്​ വിവാദം ​എ.ഡി.ജി.പി അന്വേഷിക്കും; തെരഞ്ഞെടുപ്പ്​ കമീഷൻ വിശദീകരണം തേടി

തിരുവനന്തപുരം: യൂത്ത്​ കോൺഗ്രസ്​ സംഘടനാ തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ്​ വിവാദത്തിൽ പൊലീസ്​ അന്വേഷണം. എ.ഡി.ജി.പി എം.ആർ. അജിത്​കുമാറിനാണ് അന്വേഷണ ​ചുമതല. സംഭവത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി. പരാതി ശരിയാണെങ്കിൽ ഗൗരവതരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. ഇതുസംബന്ധിച്ച്​ ലഭിച്ച രണ്ട് പരാതികൾ അന്വേഷണത്തിന് ഡി.ജി.പിക്ക്​ കൈമാറിയതായും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യുന്നതിനായി ​മൊബൈൽ ആപ്​ ഉപയോഗിച്ച്​ വ്യാജമായി തെരഞ്ഞെടുപ്പ്​ കമീഷന്‍റെ പേരിൽ വ്യാജ വോട്ടർ ഐഡി ഉണ്ടാക്കിയെന്നാണ്​ പരാതി.

സംഭവത്തിൽ ​അന്വേഷണം ആവശ്യപ്പെട്ട്​ സി.പി.എമ്മും ഡി.വൈ.എഫ്​.ഐയും രംഗത്തുവന്നിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹകുറ്റമാണിതെന്ന്​ ബി.ജെ.പി പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ വ്യക്തമാക്കി. ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എം.എല്‍.എയാണ്​. സംഭവത്തില്‍ ഡി.ജി.പിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രൻ പറഞ്ഞു.

അടിയന്തര നടപടി ആവശ്യപ്പെട്ട്​ എ.എ. റഹിം എം.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും എ.എ. റഹിം ചൂണ്ടിക്കാട്ടി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ തുടങ്ങിയവരും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്​. 

Tags:    
News Summary - ADGP will investigate the fake identity card controversy in Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.