കോഴിക്കോട്: എം.ടി എന്ന രണ്ടക്ഷരത്തിന് മുന്നിൽ ഹൃദയഭാരത്തോടെ മലയാളികൾ മിഴി നനച്ചു നിന്നു. മലയാളത്തെ മഹോന്നതമാക്കിയ ആ സാഹിത്യസൂര്യൻ ആകാശമൊഴിഞ്ഞു. നിശ്ചലമായ ആ ദേഹത്തെ കാലമേറ്റുവാങ്ങി, എം.ടി ഇനി സ്മരണകളിൽ. കോഴിക്കോട് മാവൂർ റോഡിലെ സ്മൃതിപഥം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു എം.ടി. വാസുദേവൻ നായരുടെ സംസ്കാരം.
വൈകിട്ട് 4.30ഓടെ കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽനിന്ന് ആരംഭിച്ച അന്ത്യയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. മാവൂർ റോഡിലുള്ള ശ്മശാനത്തിൽ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാനും വൻ ജനക്കൂട്ടമാണ് എത്തിയത്. സഹോദരന്റെ മകൻ ടി. സതീശൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.
എം.ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ദുഃഖാചരണം. മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റി. മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന താലൂക്ക് അദാലത്തുകളും മാറ്റി. സംസ്ഥാന സ്കൂൾ കലോത്സവ പന്തലിന്‍റെ കാൽ നാട്ടുകർമവും മാറ്റിവെച്ചു.
പൊതുദർശനം വേണ്ടെന്ന് എം.ടി പറഞ്ഞിരുന്നെങ്കിലും അവസാനമായി ഒരുനോക്ക് കാണാൻ വസതിയിലേക്ക് ആയിരക്കണക്കിനു പേരാണ് എത്തിയത്. മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത എം.ടിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിന്‍റെ എല്ലാ തുറകളിലുമുള്ളവർ കോഴിക്കോട്ട് എത്തി.
ബുധനാഴ്ച രാത്രി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടിയുടെ അന്ത്യം. ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ഡിസംബർ 15ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടർന്നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നീർക്കെട്ട് വർധിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാലാം ദിവസം ഹൃദയാഘാതമുണ്ടായി ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി പത്തോടെ മരണം ഡോക്ടർമാർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.