ആദിവാസി ഭൂപ്രശ്നം പരിഹരിക്കാന്‍ അട്ടപ്പാടി സന്ദര്‍ശിക്കും,  വനഭൂമി വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ല –മന്ത്രിമാര്‍

തിരുവനന്തപുരം: ആദിവാസി ഭൂപ്രശ്നം പരിഹരിക്കാന്‍ അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരനും ഭൂരഹിത ആദിവാസികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ച വനഭൂമി നല്‍കുന്ന കാര്യത്തില്‍ വനംവകുപ്പിന് എതിര്‍പ്പില്ളെന്ന് മന്ത്രി കെ. രാജുവും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ‘മാധ്യമം’ പ്രസിദ്ധീകരിച്ച അട്ടപ്പാടിയിലെ ആദിവാസിഭൂമി സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

നിയമസഭ 1999ല്‍ പാസാക്കിയ പട്ടികവര്‍ഗ ഭൂമികൈമാറ്റ നിയന്ത്രണവും പുനരവകാശസ്ഥാപനവും നിയമം നടപ്പാക്കുന്നതിനുള്ള തടസ്സമെന്തെന്ന് അന്വേഷിക്കും. 18 വര്‍ഷമായിട്ടും  നിയമം നടപ്പാക്കാനായിട്ടില്ല. അട്ടപ്പാടിയിലെ യഥാര്‍ഥ വിഷയം മനസ്സിലാക്കേണ്ടതുണ്ട്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ഉറച്ച നിലപാടാണുള്ളത്. അക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയുണ്ടാവില്ളെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍‘മാധ്യമ’ത്തോട് പറഞ്ഞു.ഭൂരഹിത ആദിവാസികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ച് വനഭൂമി നല്‍കുന്നതില്‍ വനംവകുപ്പിന് എതിര്‍പ്പില്ളെന്ന് മന്ത്രി കെ. രാജുവും വ്യക്തമാക്കി. ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തതെന്തെന്ന് തനിക്ക് അറിയില്ല. അക്കാര്യം അന്വേഷിക്കും. വനാവകാശമനുസരിച്ച് വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നുണ്ട്. 

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് 19000ത്തിലധികം ഏക്കര്‍ വനഭൂമി ആദിവാസികള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കിയത് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ്. ഭൂമിക്ക് പട്ടയം നല്‍കേണ്ടത്  റവന്യൂവകുപ്പാണ്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ഭൂമി വിട്ടുനല്‍കുന്നതിന് തടസ്സമില്ല. എന്നാല്‍, ഭൂമി വാസയോഗ്യമാണോ കൃഷിയോഗ്യമാണോയെന്നത് റവന്യൂവകുപ്പ് പരിശോധിക്കണം. റവന്യൂവകുപ്പ് തന്നെയാണ് സര്‍വേ നടത്തി ഭൂരഹിത കുടുംബങ്ങളെ കണ്ടത്തെി പട്ടയം വിതരണം ചെയ്യേണ്ടതും. ആദിവാസികളുടെ പുനരധിവാസം അടക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഉത്തരവാദിത്തം പട്ടികവര്‍ഗവകുപ്പിനാണ്. വനംവകുപ്പ് ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് പട്ടികവര്‍ഗവകുപ്പ് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആദിവാസി ഭൂപ്രശ്നം പരിഹരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി മന്ത്രി എ.കെ. ബാലന്‍െറ ഓഫിസും അറിയിച്ചു.
Tags:    
News Summary - adivasi land issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.