കൊച്ചി: ഇവരുടെ കൈകളിൽ വിടരുന്ന ഓരോ നക്ഷത്രവും വിറ്റുപോകുേമ്പാൾ ഈ മഹാനഗരത്തിൽ അവരുടെ നിലനിൽപിന് വഴിതെളിയും. വനപാതകളിൽനിന്ന് പഠനത്തിെൻറ നവമാർഗങ്ങൾ തേടി കൊച്ചിയിൽ ചേക്കേറിയ ആദിവാസി വിദ്യാർഥികളാണ് ഇവർ. ആദിവാസി ഗോത്രമഹാസഭക്ക് കീഴിലെ ആദിശക്തി സമ്മർ സ്കൂൾ അന്തേവാസികളായ നാൽപതോളം പേർ.
വയനാട്, അട്ടപ്പാടി, നിലമ്പൂർ ആദിവാസി ഉൗരുകളിൽനിന്ന് കൊച്ചി നഗരത്തിൽ വാടകക്ക് ഒരിടം തേടി നടന്നതിന് ഒടുവിൽ തമ്മനം പുതിയ റോഡിലെ ചെറിയ വീട്ടിൽ ഇവരെത്തി. സ്വന്തമായിതന്നെ പെയിൻറിങ്ങും അറ്റകുറ്റപ്പണിയും നടത്തി താമസമായി. ആൺകുട്ടികളും പെൺകുട്ടികളുമായി അടുത്തടുത്ത വീടുകളിൽ ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നു.
ഭക്ഷണവും വാടകയുമായി 70,000 രൂപയോളം മാസം ചെലവുവരും. അതിന് തേനും ഏലക്കയും റാഗിയും തിനയുമൊക്കെ വനത്തിൽനിന്ന് വരുത്തി വിൽപന തുടങ്ങി. കലൂർ സ്റ്റേഡിയത്തിന് സമീപം പുലർച്ച നടക്കാനിറങ്ങുന്നവർക്ക് മുന്നിൽ വഴിയോര വിൽപനയാണ് കൂടുതലും. ക്രിസ്മസ് നാളുകളിലാണ് നക്ഷത്രം ഉണ്ടാക്കാൻ ആശയം ഉരുത്തിരിഞ്ഞത്. മികച്ച പേപ്പറിൽ മനോഹര വാൽനക്ഷത്രങ്ങൾതന്നെ ഇവരുടെ കൈകളിൽനിന്ന് പിറന്നു. കൊച്ചിയിൽ എവിടെയും എത്തിച്ചുനൽകുകയും ചെയ്യും.
''വേടർ, ചൊക്ലി, അടിയ, കാട്ടുനായ്ക്ക, പണിയ, കുറുമർ ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾ ഇവിടെയുണ്ട്. പ്ലസ് ടു, ഡിഗ്രി, പി.ജി കോഴ്സുകൾ ചെയ്യുന്നവർ. ഇവരുടെ ഊരുകളിൽനിന്നാൽ ഫോൺ റേഞ്ച് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ ലഭിക്കുന്നില്ല. കൂടാതെ, പരീക്ഷകളും പ്രഖ്യാപിച്ചതോടെ എറണാകുളത്തേക്ക് കൊണ്ടുവന്നു. പേക്ഷ സർക്കാർ ഹോസ്റ്റലുകൾ തുറക്കാത്തതിനാൽ കൂടുതൽ പേരെയും വാടകക്ക് താമസിപ്പിക്കുകയാണ്'' -സമ്മർ സ്കൂൾ വളൻറിയർ കോഓഡിനേറ്റർ മേരി ലിഡിയ പറയുന്നു. ആദിവാസി ഗോത്രസഭ നേതാവ് എം. ഗീതാനന്ദെൻറ നേതൃത്വത്തിലാണ് ഇവരെ ഏകോപിപ്പിക്കുന്നത്. ''ആദിവാസിക്കുട്ടികൾക്ക് ഹയർ സെക്കൻഡറി, ബിരുദ കോഴ്സുകൾക്ക് നിയമാനുസൃതം കിട്ടേണ്ട അഡ്മിഷൻ നേടിയെടുക്കുന്നതുതന്നെ പ്രയാസമേറിയ നടപടിയാണ്. 40,000 രൂപ വരെ അഡ്മിഷന് ചോദിച്ച സ്കൂളുകളുണ്ട്. ട്രൈബൽ വകുപ്പിലെ ചുവപ്പുനാടകളാണ് പ്രശ്നം. ഈ കുട്ടികളെ നമ്മൾകൂടി കൈവിട്ടാൽ പിന്നെ അവർക്ക് കൂലിപ്പണി മാത്രമാണ് ആശ്രയം'' -ഗീതാനന്ദൻ പറയുന്നു.
നിലമ്പൂരിൽനിന്ന് എത്തി കളമശ്ശേരി രാജഗിരിയിൽ എം.എസ്.ഡബ്ല്യുവിന് പഠിക്കുന്ന ഗീതുമോളും സെൻറ് പോൾസിൽ ബി.എ ഇക്കണോമിക്സ് വിദ്യാർഥി വിബിനും അൽഅമീൻ കോളജിൽ ബി.വോക് സൗണ്ട് എൻജിനീയറിങ് വിദ്യാർഥി ജിജിനുമൊക്കെ കൊച്ചിയിലെ നിലനിൽപിന് പലവിധ മാർഗങ്ങൾ തേടുന്നു.
അതിലൊന്നായി പ്രത്യാശയുടെ ക്രിസ്മസ് നക്ഷത്രങ്ങളും. ആ നക്ഷത്രമൊന്ന് വാങ്ങുന്നുണ്ടോ, വിളിക്കൂ: 9446425830.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.