സഞ്ചാരികൾ തമ്മിൽ തർക്കം; തടയാനെത്തിയ ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചു; ക്രൂരത വയനാട്ടിൽ

മാനന്തവാടി: ചെക്ക് ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചിരുന്നവർ റോഡിലൂടെ അര കിലോമീറ്ററോളം വലിച്ചിഴച്ചത്.

മാനന്തവാടി പയ്യംമ്പള്ളിയിലാണ് നടുക്കുന്ന സംഭവം. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് യുവാവിനെ മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി.

ഇതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതൻ തടഞ്ഞു. പിന്നാലെ മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. അരക്കും കൈകാലുകൾക്കും പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ ഇടപെട്ടതോടെ കാറിലുള്ളവർ രക്ഷപ്പെട്ടു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസെടുത്തു.

ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്താനായില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറത്ത് രജിസ്റ്റർ ചെയ്തതാണ് കാർ. 

അതേസമയം, മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ.ആർ. കേളു പൊലിസിന് നിർദേശം നൽകി. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.

പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.

മാതന് ആവശ്യമായ വിദഗ്ധ ചികിത്സ നൽകാനും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി. 

Tags:    
News Summary - Adivasi youth dragged on road by car in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.