അഞ്ചൽ: ഒരു വർഷം മുമ്പ് നാട്ടിൽ നിന്നും കാണാതായ ചണ്ണപ്പേട്ട വനത്തുംമുക്ക് മൂങ്ങോട് ചരുവിള പുത്തൻവീട്ടിൽ കലേന്ദ്രന്റെ (47) തിരോധാനവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നിലച്ച മട്ടിൽ. 2023 ഡിസംബർ 16 ന് ആണ് കലേന്ദ്രനെ കാണാതായത്. അന്നേ ദിവസം രാവിലെ സഹോദരിയുടെ വീട്ടിൽ നിന്നും കൂലിവേലക്കായി പുറപ്പെട്ട കലേന്ദ്രൻ തിരിച്ചെത്തിയില്ല.
ബന്ധുക്കൾ കൂട്ടുകാരുടേയും ബന്ധുക്കളുടേയും വീടുകളിൽ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതേത്തുടർന്ന് കലേന്ദ്രന്റെ സഹോദരി അഞ്ചൽ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് കലേന്ദ്രന്റെ സുഹൃത്തുക്കളെ പലതവണ ചോദ്യം ചെയ്തുവെങ്കിലും ഫലമുണ്ടായില്ല.
സംഭവ ദിവസം രാത്രിയിൽ കലേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് വനമധ്യത്തിൽ പ്രവർത്തിച്ചിരുന്ന അനധികൃത മാലിന്യ പ്ലാന്റിന് സമീപം പന്നികളെ പിടിക്കാൻ പോയിരുന്നുവത്രെ. എന്നാൽ പ്ലാന്റ് ഉടമകൾ ഇവരെ നേരിടാൻ വരുന്നതായി മനസ്സിലാക്കിയ സംഘം വനത്തിലൂടെ ഓടി.
ഏറെ ദൂരം പിന്നിട്ടപ്പോളാണ് തങ്ങളോടൊപ്പം കലേന്ദ്രൻ ഇല്ലെന്ന് ബോധ്യപ്പെട്ടതെന്നണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് കലേന്ദ്രന്റെ വീടിന് സമീപത്തെ വനത്തിനുള്ളിൽ തെരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയും ഡോഗ് സ്ക്വോഡിനെ എത്തിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
വനത്തിനുള്ളിൽ നിന്നും ഷർട്ടും കൈലിയും ലഭിച്ചുവെങ്കിലും അത് കലേന്ദ്രന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. പിന്നീട് പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ സംഘടനകൾ ആദ്യകാലത്ത് പൊലീസ് സ്റ്റേഷൻ മാർച്ചും പ്രതിഷേധങ്ങളും നടത്തിയിരുന്നു. സഹോദരന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉന്നത പൊലീസ് അധികൃതർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചില്ലെന്ന് കലേന്ദ്രന്റെ സഹോദരി സുലഭായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.