എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യയുടെ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കേസ് ഡയറി ഹാജരാക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും. കൊലപാതകമാണെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിച്ചാകും അന്വേഷണം നടത്തുക എന്ന് സർക്കാർ കോടതിയെ അറിയിക്കും.

നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അത് ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടികാട്ടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാൽ പൊലീസിൽ നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടർ നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ ആരോപിച്ചിരുന്നു. ലോക്കൽ പൊലീസിലുള്ള പലരേയും ചേർത്താണ് പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയിട്ടുള്ളത്.

കണ്ണൂർ എ.ഡി.എമ്മായിരുന്ന പത്തനംതിട്ട സ്വദേശി കെ. നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റമായതിനെ തുടർന്ന് തലേന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പൊലീസ് കേസ്. പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏകപ്രതി പി.പി. ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്.

Tags:    
News Summary - ADM Naveen Babu death: High Court to hear plea seeking CBI probe today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.