നവീൻ ബാബു വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് നൽകിയത് ഗൂഢലക്ഷ്യത്തോടെയെന്ന് സി.പി.എം നേതാവ്; ‘ദിവ്യ യാത്രയയപ്പിന് എത്തിയത് കലക്ടറുടെ അറിവോടെ’

പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന് യാത്രയയപ്പ് നൽകിയതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ അംഗവുമായ മലയാലപ്പുഴ മോഹനന്‍. യാത്രയയപ്പിനെ കുറിച്ച് സ്ഥലം മാറ്റം ലഭിച്ചതിന്റെ പേരിൽ ഇ​പ്പോൾ യാത്രയയപ്പ് വേണ്ടെന്നും താൻ സർവിസിൽനിന്ന് വിരമിക്കുമ്പോൾ മതിയെന്നും നവീൻ ബാബു പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതൊന്നും വകവെക്കാതെ യാത്രയയപ്പ് സംഘടിപ്പിക്കുകയും മറ്റാരു​ടെയോ ആവശ്യപ്രകാരം ചടങ്ങ് മാറ്റിവെക്കുകയും വീണ്ടും നടത്തുകയും ചെയ്തു. പരിപാടിയിൽ അധിക്ഷേപ പ്രസംഗം നടത്തിയ ജില്ല പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കാതെയല്ല വന്നതെന്നും കലക്ടർ അരുൺ കെ. വിജയൻ ക്ഷണിച്ചിരുന്നുവെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.

കലക്ടറുടെ അനുവാദത്തോടെ മാത്രമേ ഇത്തരം ഒരു ചടങ്ങിൽ ദിവ്യക്ക് പ​ങ്കെടുക്കാൻ കഴിയൂ. ആരോ ബോധപൂർവം ഉണ്ടാക്കിയതാണിത് -അദ്ദേഹം ആരോപിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് പെട്രോൾ പമ്പിന് അനുമതി നൽകിയെന്നും അത് എങ്ങനെയാ​ണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. ഈ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.

നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ഇന്ന​ലെ രാത്രി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ച് ദിവ്യയുടെ കത്ത് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തുവിട്ടത്. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരിൽനിന്ന് ഉൾപ്പെടെ മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ദിവ്യയെ പ്രതി ചേർത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റത്തിന് പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാം.

അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ കത്തിൽ വ്യക്തമാക്കിയിരുന്നു. നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ താൻ പങ്കു ചേരുന്നുവെന്നും ദിവ്യ പറയുന്നു. ‘പൊലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂ ടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടു ത്തിട്ടുണ്ട്’ -ദിവ്യ കത്തിൽ പറഞ്ഞു.

Tags:    
News Summary - ADM naveen babu suicide: cpm leader malayalapuzha mohanan against pp divya and kannur collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.