തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവം അക്രമികൾ തന്നെയാണ് വിളിച്ചറിയിച്ചതെന്ന മന്ത്രി ഇ.പി ജയരാജെൻറ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എം.പി. ഇ.പി. ജയരാജൻ ഉത്തരവാദിത്തമില്ലാതെ സംസാരിക്കുമെന്ന് കരുതിയില്ല. തന്നെ വിളിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്. തന്നെ അക്രമികൾ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ എപ്പോഴാണ്, എങ്ങനെയാണ്, എന്നാണ് എന്നീ കാര്യങ്ങൾ പറയാനുള്ള ബാധ്യത കൂടി മന്ത്രി ഏറ്റെടുക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.
അക്രമികൾ തന്നെ വിളിച്ചിട്ടുണ്ടെങ്കിൽ അത് തെളിവു സഹിതം പുറത്തുകൊണ്ടുവരണം. വെറുതെ കാടടച്ച് വെടിവെച്ചിട്ട് കാര്യമില്ല. ജയരാജെൻറ സ്വഭാവം അതായതുകൊണ്ട് അദ്ദേഹം ഇതും ഇതിനപ്പുറവും പറയും. രാഷ്ട്രീയ കാഴ്ചപ്പാടോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വിലകുറച്ചു കാണുന്നില്ല. മാന്യതയുണ്ടെങ്കിൽ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാനുള്ള ഉത്തരവാദിത്തം സി.പി.എം നേതാവെന്ന നിലയിൽ ജയരാജൻ ഏറ്റെടുക്കണം -അടൂർ പ്രകാശ് പറഞ്ഞു.
ആരോപണങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. വിളിച്ചിട്ടുണ്ടെങ്കിൽ അതിന് രേഖയുണ്ടാവുമല്ലൊ. ആരെ വിളിച്ചു, ഏത് നമ്പറിൽ, എപ്പോൾ വിളിച്ചു എന്നതൊക്കെ എടുക്കാൻ സാധിക്കും. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതക്ക് യോജിച്ചതല്ല. കൊലപാതകം ചെയ്യാനും കൊലപാതകികളെ രക്ഷിക്കാനും നടക്കുന്നവരല്ല കോൺഗ്രസുകാരെന്നും കോൺഗ്രസിെൻറ ചരിത്രം അതല്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.