1948 സെപ്റ്റംബർ 13, ഇന്ത്യയിൽ ലയിക്കാൻ കൂട്ടാക്കാതിരുന്ന ഹൈദരാബാദ് നൈസാമിന്റെ പട്ടാളത്തെ തുരത്താനുള്ള സൈനിക നടപടി അരങ്ങേറി. ഹൈദരാബാദ് ആക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യ ഗവർമെന്റിന്റെ സൈനിക നടപടിയെ മുസ്ലിം ലീഗ് ഒരിക്കലും എതിർത്തിട്ടില്ല. എന്നിട്ടും ലീഗ് നേതാക്കൾ പരക്കേ വേട്ടയാടപ്പെട്ടു. ഓഫിസുകൾ തകർത്തു. പാണക്കാട് പൂക്കോയ തങ്ങളടക്കം പ്രമുഖർ ജയിലിലായി. ആയിടക്കാണ് 1950ൽ അവിചാരിതമായി മലപ്പുറത്ത് ഒരു ഉപതെരഞ്ഞെടുപ്പ് വന്നത്. ലീഗിന് വലിയ അഗ്നി പരീക്ഷണമായിരുന്നു അത്.
മദിരാശി നിയമസഭയിലെ ലീഗ് അംഗമായിരുന്ന കൊയപ്പത്തൊടി അഹമ്മദ് ഹാജിയുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സർക്കാറിന്റെ വേട്ടയാടലും കുപ്രചാരണങ്ങളും നിമിത്തം പാർട്ടിയിൽനിന്നും പല പ്രാദേശികനേതാക്കളും കൊഴിഞ്ഞുപോയ കാലം. മലപ്പുറത്ത് സ്ഥാനാർഥിയായി നിൽക്കാൻ ആളെ കിട്ടാതായി. അങ്ങനെയാണ് മദിരാശി സംസ്ഥാന മുസ്ലിം ലീഗ് ജന. സെക്രട്ടറി കെ.ടി.എം. അഹമ്മദ് ഇബ്രാഹിം ‘ഡെക്കാൻ ഹെറാൾഡ്’ പത്രത്തിൽ ലീഗിന് സ്ഥാനാർഥിയെ ആവശ്യമുണ്ട് എന്നു കാണിച്ച് പരസ്യം കൊടുത്തത്. പലതവണ പരസ്യം കൊടുത്തിട്ടും ആരും തയാറായില്ല.
ലീഗിന്റെ പ്രത്യേക ദൂതനായി എം. അലിക്കുഞ്ഞി തെക്കെ മലബാറിൽ മൂന്ന് ദിവസം 200ലധികം മൈൽ സഞ്ചരിച്ചു. ഫലം ശൂന്യമായിരുന്നു. ഒടുവിൽ കെ.എം. സീതി സാഹിബും എം.കെ. ഹാജിയും മഞ്ചേരിയിലെ എം.പി.എം. മൊയ്തീൻകുട്ടി കുരിക്കളെ സമീപിച്ചു. അദ്ദേഹത്തിന്റെ മരുമകൻ എം.പി.എം ഹസ്സൻകുട്ടി കുരിക്കൾ സ്ഥാനാർഥിയാകാൻ സമ്മതം മൂളി. ചാക്കീരി അഹമ്മദ് കുട്ടിയാണ് പത്രിക നൽകാനും പ്രചാരണത്തിനും മുന്നിൽനിന്നു നയിച്ചത്. ലീഗിനെ തോൽപിക്കാൻ എല്ലാ കക്ഷികളും കിണഞ്ഞു ശ്രമിച്ചു. പ്രചാരണത്തിനെത്തിയ ഖാഇദെ മില്ലത്തിനെതിരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘ദേശീയ മുസ്ലിംകൾ’ എന്നപേരിൽ അറിയപ്പെട്ട ലീഗ് വിരുദ്ധർ സംഘടിച്ച് ഗോബാക്ക് വിളിച്ചു.
വാശിയേറിയ പോരാട്ടമായിരുന്നെങ്കിലും ഫലം വന്നപ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഹസൻ കുട്ടി കുരിക്കൾ വൻ വിജയം നേടി. കോൺഗ്രസ് സ്ഥാനാർഥികളായ പാലാട്ട് കുഞ്ഞിക്കോയയും കെ.എ. ഇബ്രാഹീമും ദയനീയമായി പരാജയപ്പെട്ടു. ലീഗ് സ്ഥാനാർഥിക്ക് ലഭിച്ച ആകെ വോട്ടിന്റെ പത്ത് ശതമാനം പോലും എതിർ സ്ഥാനാർഥികളായ രണ്ടുപേർക്കുംകൂടി കിട്ടിയില്ല. ഹസ്സൻകുട്ടി കുരിക്കളുടെ വിജയം പ്രവർത്തകരിൽ ആവേശം ഇരട്ടിപ്പിച്ചു. അതേവർഷംതന്നെ വണ്ടൂരിലും തമിഴ്നാട്ടിലെ ഒരു സീറ്റിലും നടന്ന ഉപ തെരഞ്ഞെടുപ്പുകളിലും ലീഗ് സ്ഥാനാർഥികൾ വൻ വിജയം നേടി. 1970 ജൂൺ 25നാണ് ഹസൻ കുട്ടി കുരിക്കൾ നിര്യാതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.