ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയ സംഭവത്തിൽ ഹിന്ദുസ്ഥാൻ യൂനിലിവർ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്സ്ത് സെൻസിെൻറ ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവരിൽനിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുമെന്ന് ദേവസ്വം.
ഇവരുടെ പക്കലുള്ള ഇലക്ട്രോണിക് രേഖകൾ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേന അപേക്ഷ നൽകി ദേവസ്വത്തെ വഞ്ചിച്ച് കച്ചവടലക്ഷ്യത്തോടെ പരസ്യചിത്രീകരണം നടത്തുകയായിരുന്നുവെന്ന് ദേവസ്വം വാർത്തക്കുറിപ്പിൽ പറഞ്ഞു.
പരസ്യചിത്രം ചിത്രീകരിക്കുന്നത് തടയാതിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി.എ. അശോക് കുമാർ, സി. ശങ്കരനുണ്ണി, വി. രാജഗോപാലൻ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അശോക് കുമാർ കൺവീവറായ കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം. നേരേത്ത കമ്പനിക്കും നടിക്കുമെതിരെ ദേവസ്വം പൊലീസിൽ പരാതി നൽകിയിരുന്നു.
ഹൈകോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിന് സമീപം പരസ്യ ചിത്രീകരണം നടത്തിയ സംഭവത്തില്‍ ദേവസ്വം ചെയര്‍മാനെ പ്രതിയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. പരസ്യ കമ്പനിയും ചെയര്‍മാനും ഒത്തുകളിച്ചാണ് ക്ഷേത്രപരിസരം പരസ്യ ചിത്രീകരണ വേദിയാക്കിയത്. സംഭവം വിവാദമായപ്പോള്‍ കമ്പനിക്കും നടിക്കുമെതിരെ പൊലീസില്‍ പരാതി നല്കി മുഖം രക്ഷിക്കാനാണ് ശ്രമമെന്നും സെക്യൂരിറ്റിക്കാരെ ബലിയാടാക്കി യഥാര്‍ഥ ഉത്തരവാദികളെ രക്ഷപ്പെടുത്തുകയാണെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.