പന്തളം: ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ, വിമതസ്വരം ഉയർത്തിയവരെ ഒപ്പംനിർത്തി പന്തളം നഗരസഭയിൽ ബി.ജെ.പി ഭരണം നിലനിർത്തി. ചെയർമാനായി അച്ഛൻകുഞ്ഞ് ജോൺ, ഡെപ്യൂട്ടി ചെയർപേഴ്സനായി യു. രമ്യ എന്നിവരെ തെരഞ്ഞെടുത്തു.
ഈ മാസം ആറിന് ബി.ജെ.പിയുടെ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ എന്നിവർ രാജിവെച്ചിരുന്നു. വിമതന്റെ പിന്തുണയോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് തലേന്നായിരുന്നു രാജി. തുടർന്ന് നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കോൺഗ്രസ് കൗൺസിലർമാർ വിട്ടുനിന്നു. രാവിലെ യോഗത്തിൽ പങ്കെടുത്ത യു.ഡി.എഫ് കൗൺസിലറും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ കെ.ആർ. രവി വോട്ട് ചെയ്തില്ല. ഉച്ചക്കുശേഷം നടന്ന ഡെപ്യൂട്ടി ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ രവിയും വിട്ടുനിന്നതോടെ യു.ഡി.എഫിലെ ആരുമുണ്ടായില്ല. സ്വതന്ത്രൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ ഇരു തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തു.
ബി.ജെ.പി സ്ഥാനാർഥിയായി അച്ചൻകുഞ്ഞ് ജോണിനെ മുൻ ചെയർപേഴ്സൻ സുശീല സന്തോഷാണ് നിർദേശിച്ചത്. താൽക്കാലിക ചെയർമാൻ ബെന്നി മാത്യു പിന്താങ്ങി. തെരഞ്ഞെടുപ്പിൽ 29 കൗൺസിലർമാർ പങ്കെടുത്തു. ബി.ജെ.പിയിലെ അച്ചൻകുഞ്ഞ് ജോൺ 19 വോട്ടും എൽ.ഡി.എഫിലെ ലസിത നായർ ഒമ്പത് വോട്ടും നേടി. എൽ.ഡി.എഫ് ചെയർപേഴ്സൻ സ്ഥാനാർഥിയായി ലസിത നായരെ നിർദേശിച്ചത് ഷെഫിൻ റജീബ് ഖാനാണ്. ടി.കെ. സതി പിന്തുണച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി യു. രമ്യയുടെ പേര് സൂര്യ എസ്. നായർ നിർദേശിച്ചു. രശ്മി രാജീവ് പിന്താങ്ങി. എൽ.ഡി.എഫിൽനിന്ന് സി.പി.ഐലെ വി. ശോഭന കുമാരിയുടെ പേര് പി.ജി. അജിതകുമാരി നിർദേശിച്ചു. എച്ച്. സക്കീർ പിന്താങ്ങി.
രമ്യക്ക് 19 വോട്ടും ശോഭന കുമാരിക്ക് ഒമ്പത് വോട്ടും ലഭിച്ചു. പാലക്കാടിന് പുറമെ ഏക നഗരസഭയിലെ ഭരണം നിലനിർത്താൻ ബി.ജെ.പി സംസ്ഥാന നേതാക്കൾ ദിവസങ്ങളായി പന്തളത്ത് തമ്പടിച്ചാണ് കരുക്കൾ നീക്കിയത്. വിമതനീക്കം ശക്തമായ പന്തളത്ത് പാർട്ടിക്ക് ഭരണം നഷ്ടപ്പെടുമെന്ന സാഹചര്യം നിലനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.